EBM News Malayalam
Leading Newsportal in Malayalam

കൂടത്തായി കൊലപാതകം : ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം നല്‍കി

വടകര: കൂടത്തായി കൊലപാതകത്തില്‍ മുഖ്യപ്രതി ജോളി ജോസഫ് (47) ആദ്യഭര്‍ത്താവ് പൊന്നാമറ്റത്തെ റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ 1800 പേജുള്ള ആദ്യ കുറ്റപത്രം പൊലീസ് താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. വെള്ളത്തിലും കടലക്കറിയിലും സയനൈഡ് കലക്കിയാണ് റോയിയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിലുണ്ട്.

സയനൈഡുമായി ബന്ധപ്പെട്ട രാസപരിശോധനാഫലവും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ വ്യക്തമാക്കി. കൂടാതെ 246 സാക്ഷികളുണ്ട് കേസില്‍. 22 തൊണ്ടിമുതലും 322 രേഖകളുമുണ്ട്. ജാളിക്ക് സയനൈഡ് എത്തിച്ച ജുവലറി ജീവനക്കാരന്‍ കക്കാട് കാക്കവയല്‍ മഞ്ചാടിയില്‍ എം.എസ്.മാത്യു (44), മാത്യുവിന് സയനൈഡ് കൈമാറിയ സ്വര്‍ണപ്പണിക്കാരന്‍ താമരശ്ശേരി തച്ചംപൊയിലില്‍ മുള്ളമ്പലത്തില്‍ പ്രജികുമാര്‍ (48), വ്യാജ ഒസ്യത്ത് ചമയ്ക്കാന്‍ ജോളിക്ക് സഹായം നല്‍കിയ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.മനോജ് എന്നിവരാണ് കേസിലെ രണ്ടു മുതല്‍ നാലു വരെ പ്രതികള്‍.

കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, രേഖകളില്ലാതെ വിഷം കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ആറു വകുപ്പുകള്‍ ചുമത്തിയിരിക്കുകയാണ്.