പൗരത്വ നിയമ ഭേദഗതി ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി ലദീദയ്ക്കെതിരെ വിവാദം
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് അരയിടത്തു പാലത്ത് നിന്നും നടന്ന ലോംഗ് മാര്‍ച്ചില്‍ ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി ലദീദ ഫര്‍സാനയെ കൊണ്ട് ഉദ്ഘാടനം നടത്തിക്കരുതെന്ന് സംഘാടകരില്‍ ഒരുവിഭാഗം നിലപാട് എടുത്തതോടെ മറുപക്ഷം പരിപാടിയില്‍ നിന്ന് മാറിയിരുന്നു. പരിപാടിയുടെ ഉദ്ഘാടകയായി ആദ്യം നിശ്ചയിച്ചത് ലദീദ ഫര്‍സാനയെ ആയിരുന്നു.
മതേതര കൂട്ടായ്മയുടെ മാര്‍ച്ചില്‍ തീവ്ര മത നിലപാടെടുക്കുന്ന ലദീദയെ ഉദ്ഘാടകയാക്കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതോടെ മറുപക്ഷം സംഘാടനത്തില്‍ നിന്നും വിട്ടുനിന്നു. ബീച്ചിലേക്കുള്ള മാര്‍ച്ചിന്റെ സംഘാടനം ഫേസ്ബുക്ക് വഴിയായിരുന്നു. സ്ത്രീകള്‍ നയിച്ച മാര്‍ച്ചില്‍ ആയിരത്തിലേറെ പേര് പങ്കെടുത്ത മാര്‍ച്ചില്‍ എംജിഎസ് നാരായണനും ഖദീജ മുംദാസും കെ അജിതയും ഐക്യധാര്‍ഢ്യവുമായി എത്തിയിരുന്നു.
”കേരളമൊട്ടാകെ ഈ നിയമഭേദഗതി തള്ളിക്കളയുകയാണെന്നത് വ്യക്തമല്ലേ? കേരളാ നിയമസഭ തന്നെ ഈ നിയമഭേദഗതിക്ക് എതിരെ പ്രമേയം പാസ്സാക്കി. ഇത് കോഴിക്കോടിന്റെ പ്രതിരോധമാണ്. അങ്ങനെ കേരളമെമ്പാടും സമരങ്ങള്‍ നടക്കും”, കെ അജിത വ്യക്തമാക്കിയിരുന്നു. അതേസമയം ”ഐഡന്റിറ്റി തന്നെയാണ് പ്രശ്നം. ഐഡന്റിറ്റി സംരക്ഷിക്കാതെ ഒരു സമരവും വിജയിക്കാന്‍ പോകുന്നില്ല”, എന്ന എതിര്‍പ്പിനിടെ പരിപാടിക്കെത്തിയ ലദീദ പറയുന്നു.