EBM News Malayalam
Leading Newsportal in Malayalam

സ്പെയിൻ 5 ലക്ഷം കുടിയേറ്റക്കാർക്ക് അംഗീകാരം നൽകും; എംബസിയുടെ മുന്നിൽ പാക്കിസ്ഥാനികളുടെ നീണ്ട നിര  Spain to accept five lakh illegal immigrants Pakistanis line up in front of embassy | ലോക വാർത്ത


Last Updated:

യൂറോപ്പിന്റെ മറ്റ് മേഖലകളിൽ കുടിയേറ്റ നയങ്ങൾ കർശനമാക്കുന്നതിനിടയിലാണ് സ്‌പെയിനിലെ ഇടത് സർക്കാർ കുടിയേറ്റക്കാരെ അംഗീകരിക്കുന്ന നയം മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്

News18
News18

യുഎസിലും യൂറോപ്പിലും കുടിയേറ്റ വിരുദ്ധ നയങ്ങൾ കടുപ്പിക്കാൻ ഭരണകൂടം ശ്രമിക്കുമ്പോൾ കുടിയേറ്റക്കാർക്ക് ആശ്വാസമായി സ്‌പെയിൻ. അനുമതി ഇല്ലാതെ രാജ്യത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന അനധികൃത കുടിയേറ്റക്കാർക്ക് നിയമാനുസൃത അംഗീകാരം നൽകാനുള്ള പദ്ധതി സ്‌പെയിൻ സർക്കാർ പ്രഖ്യാപിച്ചു. ഏകദേശം അഞ്ച് ലക്ഷം അനധികൃത കുടിയേറ്റക്കാർക്ക് പദ്ധതിയുടെ ആശ്വാസം ലഭിക്കുമെന്നാണ് സർക്കാരിന്റെ കണക്ക്.

സ്‌പെയിനിലെ അനധികൃത കുടിയേറ്റക്കാരെ നിയമാനുസൃതമാക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയതായി സാമൂഹിക സുരക്ഷ, കുടിയേറ്റ വകുപ്പ് മന്ത്രി എൽമ സൈസ് കഴിഞ്ഞ ദിവസം അറിയിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് രാജ്യത്തിന്റെ ഏത് ഭാഗത്തും ഏത് മേഖലയിലും ജോലി ചെയ്യാൻ കഴിയുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. യൂറോപ്പിന്റെ മറ്റ് മേഖലകളിൽ കുടിയേറ്റ നയങ്ങൾ കർശനമാക്കുന്നതിനിടയിലാണ് സ്‌പെയിനിലെ ഇടത് സർക്കാർ കുടിയേറ്റക്കാരെ അംഗീകരിക്കുന്ന നയം മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.

2025 ഡിസംബർ 31ന് മുമ്പ് സ്‌പെയിനിൽ എത്തി അന്താരാഷ്ട്ര സംരക്ഷണത്തിന് അപേക്ഷിച്ചവരും കുറഞ്ഞത് അഞ്ച് മാസമായി രാജ്യത്ത് താമസിക്കുന്നതായി തെളിയിക്കുന്നവർക്കുമാണ് പദ്ധതിയിൽ അർഹത നേടാനാകുക. രാജ്യത്ത് നിലവിലുള്ള അപേക്ഷകരുടെ കുട്ടികൾക്കും നിയമാനുസൃത പരിഗണന ലഭിക്കുമെന്നും കുടിയേറ്റകാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്.

പദ്ധതിയിൽ അപേക്ഷിക്കുന്നതിനുള്ള സമയം ഏപ്രിൽ മുതൽ ജൂൺ വരെയായിരിക്കുമെന്നും എൽമ സൈസ് അറിയിച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങൾ, സംയോജനം, സഹവർത്തിത്വം, സാമ്പത്തിക വളർച്ച, സാമൂഹിക ഐക്യം എന്നിവയുമായി പൊരുത്തപ്പെടുന്ന ഒരു കുടിയേറ്റ മാതൃക സർക്കാർ ശക്തിപ്പെടുത്തുകയാണെന്നും മന്ത്രി വിശദമാക്കി.

അതേസമയം, നിയമാനുസൃത അംഗീകാരത്തിനായി കുടിയേറ്റക്കാർ ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിച്ചിരിക്കണം. സ്‌പെയിൻ സർക്കാർ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ ഇത് സംഘടിപ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് അനധികൃത കുടിയേറ്റ ജനത. ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്നതിനായുള്ള പോലീസ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ നേടുന്നതിന് ബാഴ്‌സലോണയിലെ പാക്കിസ്ഥാൻ കോൺസുലേറ്റിനു മുന്നിൽ പാക് പൗരന്മാരുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്.

നൂറുകണക്കിന് പാക്കിസ്ഥാൻ പൗരന്മാർ എംബിസിക്ക് മുന്നിൽ 200 മീറ്റർ നീളത്തിൽ ക്യൂകൾ രൂപീകരിച്ചതായാണ് റിപ്പോർട്ട്. തങ്ങൾക്ക് ക്രിമിനൽ റെക്കോർഡ് ഇല്ലെന്ന് വ്യക്തമാക്കാൻ ആവശ്യമായ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടുകയാണ് ഇവരുടെ ലക്ഷ്യം. പ്രതിദിനം ഏകദേശം ആയിരത്തോളം സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ടെന്ന് കോൺസുൽ ജനറൽ മുറാദ് അലി വാസിർ അറിയിച്ചു. തിരക്ക് കണക്കിലെടുത്ത് വാരാന്ത്യങ്ങളിലും വൈകുന്നേരങ്ങളിലും കോൺസുലേറ്റ് പ്രവർത്തന സമയം നീട്ടിയതായും അദ്ദേഹം അറിയിച്ചു.

ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ള പാക്കിസ്ഥാനി, ബംഗ്ലാദേശി, മൊറോക്കൻ ജനതയെ സംബന്ധിച്ച് കോൺസുലേറ്റുകളിലെ പരിമിതിയാണ് നിയമാനുസൃത അംഗീകാരം നേടുന്നതിനുള്ള പ്രഥമ കടമ്പ. കോൺസുലേറ്റുകളിലെ തിരക്കും ആവർത്തിച്ചുള്ള യാത്രയും ഒഴിവാക്കാൻ സ്‌പെയിൻ സർക്കാരിന്റെ അംഗീകൃത പോർട്ടലിലൂടെയും ഈ സേവനം നൽകുന്നുണ്ട്.

ഓൺലൈൻ ഫോമുകൾ പൂരിപ്പിക്കുന്നതിനും അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യുന്നതിനും അപേക്ഷകരെ സഹായിക്കുന്നതിനായി ബാഴ്‌സലോണയിലെ മുനിസിപ്പൽ ഇന്റഗ്രേഷൻ ഓഫീസ് വളണ്ടിയർമാരെ വിന്യസിപ്പിച്ചിട്ടുണ്ട്. എന്നാൽ അപേക്ഷകർ ഈ സൗകര്യങ്ങളേക്കാൾ എത്രയോ കൂടുതലാണെന്നതാണ് മറ്റൊരു പ്രതിസന്ധി.

അപേക്ഷകർ കൂടുതലുള്ള കോൺസുലേറ്റുകൾക്ക് ഗ്രൂപ്പ് സബ്മിഷനുകൾ അനുവദിക്കുമെന്ന് സ്‌പെയിൻ അധികൃതർ അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നുള്ള ഹ്രസ്വകാല അസൈനികളെ നിയമിക്കുന്ന കമ്പനികൾ അപ്പോയിന്റ്‌മെന്റ് ലഭ്യത നിരീക്ഷിക്കണമെന്നും കോൺസുലാർ കാലതാമസം പുതിയ ബിസിനസ് വിസകളും വൈകിപ്പിച്ചേക്കാമെന്നും അധികൃതർ പറയുന്നു.

അതേസമയം, പദ്ധതിയിൽ പ്രതിപക്ഷം സർക്കാരിനെതിരെ ശക്തമായി ആഞ്ഞടിച്ചു. പദ്ധതി നിയമവിരുദ്ധ കുടിയേറ്റം പ്രോത്സാഹിപ്പിക്കുമെന്നും തീവ്ര വലതുപക്ഷ പ്രതിപക്ഷം ആരോപിച്ചു. പരിഹാസ്യമായ പദ്ധതിയെന്നാണ് പോപ്പുലർ പാർട്ടിയുടെ തലവനായ ആൽബെർട്ടോ നുനെസ് ഫെയ്ജൂ എക്‌സിൽ കുറിച്ചത്.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y