EBM News Malayalam
Leading Newsportal in Malayalam

ആക്രമണം കടുപ്പിച്ച് ഇസ്രയേൽ: 24 മണിക്കൂറിനിടെ ​ഗാസയിൽ കൊല്ലപ്പെട്ടത് 50 പേർ


ഗാസാസിറ്റി: ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. 24 മണിക്കൂറിനിടെ ​ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 50 പേർ കൊല്ലപ്പെട്ടു. ഒരു വർഷത്തിലേറെയായി ​ഗാസയിൽ ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളിൽ ഇതുവരെ 43,972പേരാണ് കൊല്ലപ്പെട്ടത്. 1.04 ലക്ഷം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

അതേസമയം, ഹിസ്ബുള്ളയ്‌ക്കെതിരേ ലെബനനിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടിക്കിടെ ചൊവ്വാഴ്ച ഒരു ഇസ്രയേലി പട്ടാളക്കാരൻ കൊല്ലപ്പെട്ടു. ഇതോടെ, ലെബനനിൽ കൊല്ലപ്പെടുന്ന ഇസ്രയേലി പട്ടാളക്കാരുടെ എണ്ണം 49 ആയി. അതിനിടെ, ഹമാസിന്റെ ദോഹയിലെ രാഷ്ട്രീയകാര്യ ഓഫീസ് സ്ഥിരമായി അടച്ചിട്ടില്ലെന്ന് ഖത്തർ പറഞ്ഞു. വെടിനിർത്തൽചർച്ചകളോട് മുഖംതിരിച്ചെന്നാരോപിച്ച് ഹമാസ് നേതാക്കളോട് രാജ്യത്തുനിന്നുപോകാൻ ഖത്തർ ഉത്തരവിട്ടെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

2023 ഒക്ടോബർ ‍ഏഴിന് തെക്കൻ ഇസ്രയേൽ ആക്രമിച്ച് ഹമാസ് ബന്ദികളാക്കിയ ഓരോവ്യക്തിക്കും 50 ലക്ഷം ഡോളർ(ഏകദേശം 42 കോടിരൂപ) സഹായധനം നൽകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. തെക്കൻ ലെബനനിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ നാല് യു.എൻ. സമാധാനസേനാംഗങ്ങൾക്ക് പരിക്കേറ്റു. ലെബനനിലെ 34 പൈതൃകകേന്ദ്രങ്ങൾക്കുള്ള സുരക്ഷ യുനെസ്കോ വർധിപ്പിച്ചു. ലെബനന്റെ പാർലമെന്റ് കെട്ടിടത്തിനുസമീപവും ആക്രമണമുണ്ടായി.

അതിനിടെ, ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കൾ കൊണ്ടുവന്ന നൂറിലേറെ ലോറികൾ കൊള്ളയടിക്കപ്പെട്ടെന്ന് പലസ്തീൻ അഭയാർഥികൾക്കുള്ള യു.എൻ. ഏജൻസിയായ ഉൻ‍റ പറഞ്ഞു. കൊള്ളക്കാർക്കുനേരേ നടത്തിയ നടപടിയിൽ 20 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് പറഞ്ഞു. ലെബനനിൽ വെടിനിർത്തൽ കൊണ്ടുവന്നാലും ഹിസ്ബുള്ളയ്ക്കെതിരേ പോരാട്ടം തുടരുമെന്ന് നെതന്യാഹു പറഞ്ഞു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y