ഹിസ്ബുള്ള ഭീകരരുടെ നിരവധി തുരങ്കങ്ങള്‍ തകര്‍ത്ത് തളളി ഇസ്രയേല്‍ സൈന്യം; ഉപയോഗിച്ചത് ടണ്‍ കണക്കിന് സ്ഫോടക വസ്തുക്കള്‍
ജെറുസലേം: ഹമാസ് തലവന്‍ യാഹ്യാ സിന്‍വറിനെ വധിച്ചതിന് തൊട്ടു പിന്നാലെ ഹിസ്ബുള്ള ഭീകരരുടെ നിരവധി തുരങ്കങ്ങള്‍ തകര്‍ത്ത് തളളി ഇസ്രയേല്‍ സൈന്യം. ലബനനിലെ മഹൈബിബ് പട്ടണത്തിലെ ഹിസ്ബുള്ളയുടെ റദ്വാന് വിഭാഗത്തിന്റെ തുരങ്കങ്ങളാണ് ഇസ്രയേല്‍ ആക്രമിച്ച് തകര്‍ത്തത്. നൂറ് കണക്കിന് ടണ്‍ സ്ഫോടക വസ്തുക്കളാണ് ഇസ്രയേല്‍ ഇതിനായി ഉപയോഗിച്ചത്.
ഇവിടെ ശക്തമായ സ്ഫോടനങ്ങള്‍ നടക്കുന്നതിന്റെയും കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്ത് വിട്ടു. ഈ മേഖലയില്‍ മാത്രം അമ്പതോളം ഹിസ്ബുള്ള തുരങ്കങ്ങളാണ് തകര്‍ക്കപ്പെട്ടത്. പള്ളികളും സ്ക്കൂളുകളും ജനവാസ മേഖലകളും കേന്ദ്രീകരിച്ചാണ് ഈ തുരങ്കങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെയാണ് ഹിസ്ബുള്ള വന്‍ തോതില്‍ ആയുധങ്ങള്‍ സംഭരിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേല്‍ ആക്രമിച്ച മാതൃകയില്‍ ഗലീലിയില്‍ ആക്രമണം നടത്താനാണ് ഹിസ്ബുള്ള തീരുമാനിച്ചിരുന്നത്. തുരങ്കങ്ങളില്‍ വന്‍ തോതില്‍ ടാങ്ക് വേധ മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളും മെഷീന് ഗണ്ണുകളും ഇവര്‍ ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം ലബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നഗരത്തിലെ മേയര്‍ ഉള്‍പ്പെടെ 16 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രദേശവാസികളോട് ഒഴിഞ്ഞ് പോകാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു എങ്കിലും നബാത്തിയിലെ മേയറായിരുന്ന അഹമ്മദ് കഹീല്‍ താന്‍ സ്ഥലം വിട്ടു പോകില്ലെന്ന് പ്രഖ്യാപിച്ച് അവിടെ തന്നെ തുടരുകയായിരുന്നു. തുടര്‍ന്നാണ് നഗരസഭാ ആസ്ഥാനത്തേക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയത്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y