ചൈനയിലേക്കുള്ള നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ (foreign direct investment – FDI) കുത്തനെ ഇടിവ്. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ചൈനയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) നെഗറ്റീവ് ആയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 1998ന് ശേഷം ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ജൂലൈ-സെപ്റ്റംബർ പാദത്തിലാണ് വൻ ഇടിവ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ചൈനയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേത്തിൽ 11.8 ബില്യൺ ഡോളറിന്റെ കുറവുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് തുടരുകയാണെങ്കിൽ, ഇന്ത്യയുൾപ്പെടെയുള്ള വളർന്നുവരുന്ന വിപണികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും ഇത്തരം വിപണികളിലേക്ക് കൂടുതൽ വിദേശ നിക്ഷേപം എത്തുമെന്നും വിദഗ്ധർ പറയുന്നു.
ചൈനയിൽ വീണ്ടും നിക്ഷേപിക്കാൻ വിദേശ കമ്പനികൾക്ക് താൽപര്യം കുറഞ്ഞതാണ് എഫ്ഡിഐയിലെ ഈ ഇടിവ് വ്യക്തമാക്കുമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, നിലവിലെ ഇടിവ് ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതിഫലനമാണെന്നാണ് ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ”എഫ്ഡിഐയിലെ ഏറ്റക്കുറച്ചിലുകൾ പല രാജ്യങ്ങളിലും സംഭവിച്ചിട്ടുണ്ട്. അത് അസാധാരണമല്ല. അന്താരാഷ്ട്ര ബിസിനസുകളും അതിർത്തി കടന്നുള്ള നിക്ഷേപവും നേരിടുന്ന വെല്ലുവിളികളും തടസങ്ങളുമാണ് നിലവിലെ അവസ്ഥക്കു കാരണം. വിദേശനിക്ഷേപത്തിലെ ഇടിവ് ഇനിയും തുടരും എന്നാണ് പ്രതീക്ഷിക്കുന്നത്. ചൈന ഇപ്പോഴും നിക്ഷേപകരെ ആകർഷിക്കുന്ന രാജ്യം തന്നെയാണ്”, ചൈനീസ് മാധ്യമമായ സിൻഹുവ റിപ്പോർട്ട് ചെയ്തു. എന്നാൽ ചൈനയിലെ സ്വതന്ത്ര സാമ്പത്തിക വിദഗ്ധർ ഇതിനെ മറ്റൊരു രീതിയിലാണ് കാണുന്നത്.
Also read-അമ്പമ്പോ.. ഇത്ര ആഴമോ? 14 നില കെട്ടിടത്തിന്റെ ആഴത്തിൽ ഒരു സ്വിമ്മിംഗ് പൂൾ
”ഒരുപക്ഷേ, വിദേശ കമ്പനികൾ ചൈനയിൽ നിന്നും നിക്ഷേപം പിൻവലിക്കാൻ ഉദ്ദേശിക്കുന്നു എന്നു വേണം കരുതാൻ”, പാന്തിയോൺ മാക്രോ ഇക്കണോമിക്സിലെ ചീഫ് ഇക്കണോമിസ്റ്റ് ഡങ്കൻ റിഗ്ലിയെ ബ്ലൂംബെർഗിനോട് പറഞ്ഞു. തായ്വാനുമായും യുഎസുമായുമുള്ള ചൈനയുടെ തർക്കങ്ങൾ, തൊഴിലാളിക്ഷാമം, സാങ്കേതികവിദ്യ ചൈനീസ് കമ്പനികൾക്ക് കൈമാറാൻ ബഹുരാഷ്ട്ര കമ്പനികൾക്ക് മേൽ ചൈനീസ് സർക്കാർ ചെലുത്തുന്ന സമ്മർദ്ദം എന്നിവയുടെയെല്ലാം ഫലമായി, പല അന്താരാഷ്ട്ര കമ്പനികളും ചൈനയിൽ നിക്ഷേപം നടത്താൻ താത്പര്യപ്പെടുന്നില്ല എന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ റിപ്പോർട്ട് പുതിയ സാധ്യതകളാണ് തുറന്നിടുന്നതെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ ജനാധിപത്യ സംവിധാനവും, കരുത്തുറ്റ സമ്പദ്വ്യവസ്ഥയും, സുസ്ഥിരമായ സർക്കാരും, നിയമവാഴ്ചയും, തൊഴിൽ വിപണിയുടെ വികസനവും പല വിദേശ നിക്ഷേപകരെയും ആകർഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ”ഇന്ത്യയെ ആഗോള ഉത്പാദന കേന്ദ്രമാക്കി മാറ്റാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ശ്രമങ്ങളുടെ വിജയമാണിത്. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീം അതിനായുള്ള ഒരു പദ്ധതിയാണ്. മൊബൈൽ നിർമാണത്തിന്റെ കാര്യത്തിലും ഇന്ന് ലോകത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ”, ധനകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.