ഭക്ഷണം പാകം ചെയ്ത ശേഷം ഉപ്പ് വിതറുന്നത് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ ഗവേഷണം. ആവശ്യത്തിലധികം ഉപ്പ് ഉപഭോഗം രക്തസമ്മര്‍ദ്ദം , ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, ഏറ്റവും പുതിയ ഗവേഷണങ്ങള്‍ പറയുന്നത് പാകം ചെയ്ത ഭക്ഷണത്തില്‍ തളിക്കുന്ന ഉപ്പ് പ്രമേഹത്തിലേക്ക് നയിക്കുമെന്നാണ്. യുകെയിലെ 400,000 ത്തിലധികം മുതിര്‍ന്നവരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ മയോ ക്ലിനിക്ക് ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പാകം ചെയ്ത ഭക്ഷണത്തില്‍ വിതറുന്ന ഉപ്പുകള്‍ ടേബിള്‍ സോള്‍ട്ട് എന്നാണ് അറിയപ്പെടുന്നത്. ടേബിള്‍ സോള്‍ട്ട് ഉപയോഗിക്കുന്ന ആളുകള്‍ക്ക് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത 39 ശതമാനം കൂടുതലാണെന്ന് ജേണലില്‍ വ്യക്തമാക്കുന്നു.
37 നും 73 നും ഇടയില്‍ പ്രായമുള്ള 402,982 ആളുകളുടെ ദൈനംദിന ഉപ്പിന്റെ ഉപയോഗ രീതി ഗവേഷണസംഘം വിശകലനം ചെയ്തു. ഇതില്‍ 13,000-ത്തിലധികം ആളുകള്‍ക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടായി. ഏകദേശം 12 വര്‍ഷം എടുത്താണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പാകം ചെയ്ത ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുന്നത് ‘ചിലപ്പോള്‍’ മാത്രമാണെങ്കില്‍ അവര്‍ക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യത 13 ശതമാനം കൂടുതലാണ്. എപ്പോഴും ഇത്തരത്തില്‍ ഉപ്പ് വിതറുകയാണെങ്കില്‍ അത് 39 ശതമാനമായി വര്‍ദ്ധിക്കും. പ്രായം, ലിംഗഭേദം, ഉയരം, ഭാരം, ഇടുപ്പ് ചുറ്റളവ് എന്നിവയുള്‍പ്പെടെയുള്ള ശാരീരിക സവിശേഷതകളും പുകവലി, മദ്യപാനം, ശാരീരിക പ്രവര്‍ത്തനം, വരുമാനം, വിദ്യാഭ്യാസ നിലവാരം എന്നീ ഘടകങ്ങള്‍ ഗവേഷണത്തിന്റെ അന്തിമ നിഗമനങ്ങള്‍ക്കായി സംഘം വിലയിരുത്തിയിരുന്നു.