അദ്ഭുതം എന്നു തോന്നേക്കാവുന്ന ഒരു പ്രസവ കഥ നടന്നത് ബംഗ്ലാദേശില്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ സംഭവം നടന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള ആരിഫ സുല്‍ത്താന എന്ന 20 വയസുള്ള യുവതിക്കാണ് ഈ അപൂർവ അനുഭവം ഉണ്ടായത്. ഗര്‍ഭിണിയായിരുന്ന ഇവര്‍ കഴിഞ്ഞ ഫെബ്രുവരില്‍ മാസം തികയാതെ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. ആശുപത്രിയിലായിരുന്നു പ്രസവം. ഇതിനു ശേഷം ഇവര്‍ തിരിച്ചു പോകുകയും ചെയ്തു.
മാസം തികയാതെ ജനിച്ച കുഞ്ഞെങ്കിലും വേണ്ട മെഡിക്കല്‍ കരുതലുകളെല്ലാം ചെയ്തതു കൊണ്ടു തന്നെ കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുകയും ചെയ്തു. എന്നാൽ വീട്ടിലെത്തിയ ശേഷം ഒരാഴ്ച കഴിഞ്ഞ് ഇവര്‍ വീണ്ടും ആശുപത്രിയില്‍ എത്തുകയായിരുന്നു. കടുത്ത വയറു വേദന മൂലമാണ് ഇവര്‍ ആശുപത്രിയിൽ എത്തിയത്.പിന്നീട് വയറുവേദനയുടെ കാരണം കണ്ടെത്തുവാന്‍ നടത്തിയ പരിശോധനയില്‍ ആരിഫ സുല്‍ത്താന ഗര്‍ഭിണിയാണെന്നു കണ്ടെത്തി.
ഇതു പുതിയ ഗര്‍ഭവുമല്ല, മുന്‍പുണ്ടായ കുട്ടിയ്‌ക്കൊപ്പം ഉണ്ടായ ഗര്‍ഭം.ഇതു വരെ കണ്ടെത്താതിരുന്ന രണ്ടാമത്തെ യൂട്രസില്‍ ഇരട്ടക്കുട്ടികളായിരുന്നു. രണ്ടു യൂട്രസിലുമായി മൂന്നു കുട്ടികളായിരുന്നു, യൂട്രസ് ഡിഡില്‍പെസ് എന്നൊരു അപൂര്‍വ അവസ്ഥയായിരുന്നു, ആരിഫയ്ക്ക്. ജന്മനാ ഉള്ള പ്രശ്‌നം. സാധാരണ ഗതിയില്‍ രണ്ടു ട്യൂബുകളായി രൂപം കൊളളുന്ന യൂട്രസ് പിന്നീട് ഒരുമിച്ചു ചേര്‍ന്ന് ഒരു വലിയ യൂട്രസായി രൂപാന്തരപ്പെടുകയാണ് ചെയ്യുക. എന്നാല്‍ ആരിഫയുടെ കേസില്‍ ഈ രണ്ടു ട്യൂബുകള്‍ വെവ്വേറെയായി നില നിന്നു. ഇതാണ് രണ്ടു യൂട്രസുണ്ടാകാന്‍ കാരണമായത്. ആരിഫയ്ക്ക്. ഇതില്‍ ഒരു യൂട്രസിലെ ഒരു കുഞ്ഞാണ് മാസം തികയാതെ ജനിച്ചത്.
മറ്റേ യൂട്രസിലെ ഇരട്ടക്കുട്ടികളാണ് വയറു വേദനയ്ക്കു കാരണമായതും.ഇത്തരം അവസ്ഥ കണ്ടെത്തിയതോടെ പെട്ടെന്നു തന്നെ ആരിഫയെ സര്‍ജറിയ്ക്കു വിധേയമാക്കി ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമായിരുന്നു, ഗര്‍ഭത്തില്‍. ആദ്യത്തെ പ്രസവത്തിലുണ്ടായത് ആണ്‍കുട്ടിയും. ആകെ രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും.അപൂര്‍വ ജന്മമെങ്കിലും ഈ മൂന്നു കുട്ടികളും സുഖമായിരിയ്ക്കുന്നു. ഇഫദ് ഇസ്ലാം നൂര്‍, മുഹമ്മദ് ഹുസൈഫ, ജന്നത്തുള്‍ മാവ ഖദീജ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകള്‍.