EBM News Malayalam
Leading Newsportal in Malayalam

ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്ന് ചർച്ച ചെയ്യുന്നവർക്കായി…: മരണപ്പെട്ട വാഗ്നർ ചീഫിന്റെ ‘പുതിയ’ വീഡിയോ വൈറലാകുന്നു


റഷ്യൻ കൂലിപ്പടയാളി സംഘമായ വാഗ്നറിന്റെ തലവനായ യെവ്ജെനി പ്രിഗോജിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. വിമാനാപകടത്തിൽ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ വെച്ച് എടുത്ത വീഡിയോ ആണിത്. ‘ഞാൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ചർച്ച ചെയ്യുന്നവരെ അഭിസംബോധന ചെയ്യുന്നു, ഞാൻ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അന്വേഷിക്കുന്നവർക്കായി, ഞാൻ സുഖമായിരിക്കുന്നു’ എന്നാണ് വീഡിയോയിൽ പ്രിഗോജിൻ വീഡിയോയിൽ പറയുന്നത്.

ആഗസ്റ്റ് 23-ന് നടന്ന ഒരു വിമാനാപകടത്തിൽ ആണ് പ്രിഗോജിൻ മരണപ്പെട്ടത്. മോസ്‌കോയുടെ വടക്ക് ഭാഗത്ത് അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്ന 10 പേരും കൊല്ലപ്പെട്ടിരുന്നു. റഷ്യൻ സർക്കാർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇയാളുടെ വീഡിയോ പുറത്തുവരുന്നത്. ‘ഇപ്പോൾ ഇത് വാരാന്ത്യമാണ്, 2023 ഓഗസ്റ്റ് രണ്ടാം പകുതിയാണ്, ഞാൻ ആഫ്രിക്കയിലാണ്’ എന്നാണ് വീഡിയോയിൽ ഇയാൾ പറയുന്നത്.

അതേസമയം, പ്രിഗോജിന്‍ കൊല്ലപ്പെട്ട വിമാനാപകടം കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്ന് സൂചന നല്‍കി അന്വേഷണ ഉദ്യോഗസ്ഥന്‍ രംഗത്ത് വന്നിരുന്നു. ആദ്യമായാണ് വിമാനാപകടത്തിന് പിന്നില്‍ അട്ടിമറിയാണെന്ന സൂചന പുറത്തുവരുന്നത്. മോസ്‌കോയില്‍ നിന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് പറക്കുകയായിരുന്ന സ്വകാര്യ എംബ്രയര്‍ ജെറ്റ് മോസ്‌കോയുടെ വടക്ക് ഭാഗത്താണ് തകര്‍ന്നുവീണത്. വാഗ്നര്‍ തലവന്‍ യെവ്ജെനി പ്രിഗോജിനും സേനയിലെ മറ്റ് പ്രമുഖരും അപകടത്തില്‍ കൊല്ലപ്പെട്ടു. യുക്രൈനെതിരെ യുദ്ധത്തില്‍ റഷ്യന്‍ സേനയ്‌ക്കൊപ്പം ചേര്‍ന്ന് പോരാടിയിരുന്നു വാഗനര്‍.