ദക്ഷിണ കൊറിയ: ചൈനീസ് നിർമ്മിത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ്ബോട്ട് ഡീപ്‌സീക്കിന്റെ പുതിയ ഡൗൺലോഡുകൾക്ക് ദക്ഷിണ കൊറിയയിൽ വിലക്കേർപ്പെടുത്തി. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. ഡാറ്റാ സംരക്ഷണ നിയമങ്ങൾ പാലിക്കാത്തതിനാലാണ് ഡീപ്‌സീക്ക് ഡൗൺലോഡ് ചെയ്യുന്നത് വിലക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഉപയോക്താക്കളുടെ വിവരങ്ങൾ ഡീപ്‌സീക്ക് എഐ ശേഖരിക്കുന്നുണ്ടെന്നും ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും നേരത്തെ ദക്ഷിണ കൊറിയ ചോദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ വിലക്ക്. എന്നാൽ രാജ്യത്തിന്റെ സ്വകാര്യത സംരക്ഷണ നിയമം അനുസരിച്ച് ഡീപ്‌സീക്ക് പ്രവർത്തിച്ചാൽ വിലക്ക് നീക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ ഈ നടപടിയെക്കുറിച്ച് ഡീപ്‌സീക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചൈന സ്വകാര്യതയ്ക്കും ഡാറ്റാ സംരക്ഷണത്തിനും പ്രാധാന്യം നൽകുന്നുണ്ടെന്നും നിയമവിരുദ്ധമായി വിവരങ്ങൾ ശേഖരിക്കില്ലെന്നും ചൈനീസ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ഡീപ്‌സീക്ക് ആപ്ലിക്കേഷനുകളിൽ നിന്ന് വിവരങ്ങൾ ചോർന്നതായി സൈബർ സുരക്ഷാ കമ്പനിയായ വിസ്സൺ വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു.
ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിക്ക് ഭീഷണിയായി ചൈനയിൽ നിന്നുള്ള ഒരു എഐ ചാറ്റ്ബോട്ടാണ് ഡീപ്‌സീക്ക്. കുറഞ്ഞ മുതൽമുടക്കിൽ വികസിപ്പിച്ച ‘ഡീപ്‌സീക്ക് ആർ 1’ എന്ന എഐ ടൂൾ വഴി ആഗോള ശ്രദ്ധ നേടാൻ ഡീപ്‌സീക്കിന് കഴിഞ്ഞിട്ടുണ്ട്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y