EBM News Malayalam
Leading Newsportal in Malayalam

ഗഗൻയാൻ ദൗത്യത്തെ കുറിച്ച് കൂടുതലറിയാം! ഐഎസ്ആർഒ ചെയർമാനുമായി നേരിട്ട് സംവദിക്കാൻ അവസരം


ലോക രാജ്യങ്ങൾക്കിടയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ശാസ്ത്രസാങ്കേതിക രംഗത്ത് വലിയ മുന്നേറ്റങ്ങൾ നടത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ബഹിരാകാശ രഹസ്യങ്ങൾ തേടിയുള്ള നിരവധി ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ഗഗൻയാനെ കുറിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ അറിയാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ഐഎസ്ആർഒ. ഗഗൻയാന് പുറമേ, ശാസ്ത്രലോകത്തെക്കുറിച്ച് ഉണ്ടാകുന്ന സംശയങ്ങളും ചോദിച്ചറിയാനാകും. ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥാണ് സംശയങ്ങൾക്കുള്ള മറുപടി നൽകുക.

ഐഎസ്ആർഒ ചെയർമാനുമായി നേരിട്ട് സംവദിക്കാനുളള അവസരമാണ് ലഭിക്കുന്നത്. സംശയങ്ങൾക്കുള്ള മറുപടിയുമായി ഐഎസ്ആർഒ ചെയർമാൻ ഇൻസ്റ്റഗ്രാം ലൈവിലെത്തും. മാർച്ച് 2ന് വൈകിട്ട് 5 മണിക്കാണ് ചെയർമാൻ ഇൻസ്റ്റഗ്രാമിൽ ലൈവായി എത്തുക. ചോദ്യങ്ങൾ ചോദിക്കേണ്ടവർക്ക് ഐഎസ്ആർഒ പേജിൽ സന്ദേശം അയക്കുകയോ, #asksomanathisro എന്ന ഹാഷ്ടാഗിൽ എക്സ് പോസ്റ്റിടുകയോ ചെയ്യാവുന്നതാണ്. ബഹിരാകാശ മേഖലയിൽ താൽപ്പര്യമുള്ളവർക്കും ശാസ്ത്രജ്ഞരാകാൻ തയ്യാറെടുക്കുന്നവർക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ലൈവിൽ ശാസ്ത്രം, ബഹിരാകാശ മേഖല, സാങ്കേതിക വിദ്യ, ബഹിരാകാശ പദ്ധതികള്‍, കരിയര്‍, വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെല്ലാം ചോദിക്കാനാകും.