EBM News Malayalam
Leading Newsportal in Malayalam

ഗൂഗിൾ ക്രോം ഉപഭോക്താക്കൾക്ക് ഹൈ റിസ്ക് മുന്നറിയിപ്പ്, നിർദ്ദേശവുമായി ഈ രാജ്യം


ഗൂഗിൾ ഉപഭോക്താക്കൾക്ക് ഹൈ റിസ്ക് മുന്നറിയിപ്പ് നൽകി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. കമ്പ്യൂട്ടറുകളിൽ ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ക്രോം ബ്രൗസറിൽ ഒന്നിലധികം സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ടെന്നും, ഇവ ഉപയോഗപ്പെടുത്തി വിദൂരങ്ങളിൽ നിന്ന് പോലും ഹാക്കർമാർക്ക് കമ്പ്യൂട്ടറുകളിൽ പ്രത്യേക കോഡ് പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

കമ്പ്യൂട്ടറിന്റെ സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണവും മറികടന്നാണ് ഹാക്കർമാർ പ്രവർത്തിക്കുക. നിലവിൽ, ഗൂഗിൾ ക്രോമിന്റെ v122.0.6261.57 എന്ന പതിപ്പോ അതിന് മുമ്പേയുള്ള പതിപ്പുകളോ ആണ് നിങ്ങളുടെ കമ്പ്യൂട്ടറുകളിൽ ഉള്ളതെങ്കിൽ തീർച്ചയായും അവ പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണം. ഇതുവഴി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെയും മറ്റും ചോർച്ച ഒഴിവാക്കാനും, ഇന്റർനെറ്റിലൂടെ നടക്കുന്ന തട്ടിപ്പുകൾ ഒഴിവാക്കാനും സാധിക്കുന്നതാണ്.

സാധാരണ ഗതിയിൽ ഗൂഗിൾ ക്രോം ക്ലോസ് ചെയ്യുകയും പിന്നീട് തുറക്കുകയും ചെയ്യുമ്പോൾ തനിയെ തന്നെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യപ്പെടും. എന്നാൽ, ബ്രൗസർ ക്ലോസ് ചെയ്തിട്ടില്ലെങ്കിൽ അപ്‍ഡേറ്റ് പെന്റിങായി ഇരിക്കുന്നുണ്ടാവും. ഇത് പരിശോധിക്കാൻ ക്രോം ഓപ്പൺ ചെയ്ത ശേഷം മുകളിൽ വലത്തേ അറ്റത്തുള്ള മോർ ഐക്കണിൽ ക്ലിക്ക് ചെയ്യണം. അപ്‍ഡേറ്റ് ചെയ്യാനുണ്ടെങ്കിൽ അവിടെ ദൃശ്യമാവും. അതല്ലെങ്കിൽ അവിടെ നിന്ന് About Google Chrome എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ ക്രോം അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ലിങ്ക് ലഭിക്കും. അപ്‍ഡേഷന് ശേഷം തുറന്നിരിക്കുന്ന ബ്രൗസർ റീലോഞ്ച് ചെയ്യണം. ഇങ്ങനെ ചെയ്യുമ്പോൾ തുറന്നിരിക്കുന്ന എല്ലാ പേജുകളും തനിയെ തന്നെ വീണ്ടും തുറന്നുവരുന്നതാണ്.