വിവോ ആരാധകരെ വീണ്ടും ഞെട്ടിക്കാൻ കിടിലം ഹാൻഡ്സെറ്റ് വിപണിയിൽ എത്തുന്നു. ചുരുങ്ങിയ കാലയളവ് കൊണ്ട് ജനപ്രീതി നേടിയെടുത്ത വിവോയുടെ വി സീരീസിലെ ഹാൻഡ്സെറ്റുകളാണ് ഇത്തവണ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വിവോ വി29 സീരീസാണ് പുതുതായി വിപണിയിൽ എത്തിക്കാൻ വിവോ പദ്ധതിയിടുന്നത്. വിവോ വി29 5ജി, വിവോ വി29 പ്രോ 5ജി എന്നിങ്ങനെ രണ്ട് ഹാൻഡ്സെറ്റുകൾ അടങ്ങിയതാണ് വിവോ വി29 സീരീസ്. ഈ സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
സെപ്റ്റംബർ അവസാനത്തോടെയാണ് വിവോ വി29 സീരീസ് ഇന്ത്യൻ വിപണിയിൽ എത്താൻ സാധ്യത. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന മികച്ച സ്മാർട്ട്ഫോൺ കൂടിയാണ് വിവോ വി29 സീരീസ്. ഇവ പോർട്രെയ്റ്റ് ഫോട്ടോഗ്രാഫിക്ക് പ്രാധാന്യം നൽകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ, ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്കും ഈ ഹാൻഡ്സെറ്റ് തിരഞ്ഞെടുക്കാവുന്നതാണ്. 50 മെഗാപിക്സൽ sony IMX663 സെൻസറാണ് ഇവയുടെ പ്രധാന ആകർഷണീയത. രണ്ട് കളർ ഓപ്ഷനുകളിലാണ് ഇവ വിപണിയിൽ എത്താൻ സാധ്യത. നിലവിൽ, കമ്പനിയുടെ ഭാഗത്തുനിന്ന് വില സംബന്ധിച്ച സൂചനകൾ ലഭ്യമല്ലെങ്കിലും 40,000 രൂപയിൽ താഴെ പ്രതീക്ഷിക്കാവുന്നതാണ്.