ചാര്‍ജ് ചെയ്യുമ്പോള്‍ ഐഫോണുകള്‍ക്ക് സമീപം ഉറങ്ങരുത്, ഒരു പക്ഷേ നിങ്ങളുടെ അവസാന ഉറക്കമാകും: മുന്നറിയിപ്പുമായി ആപ്പിള്‍
ഉറങ്ങുമ്പോള്‍ പലരും ഫോണ്‍ തലയണക്കടിയിലും കിടക്കയുടെ അരികിലുമൊക്കെ വയ്ക്കുന്നത് സ്ഥിരം കാണുന്ന കാഴ്ചകളാണ്. ഈ ശീലം ഒരുപാട് അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്നറിഞ്ഞിട്ടും ഭാഗ്യപരീക്ഷണത്തിന് മുതിരുന്നവരാണ് ഏറെയും. ഇത് ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍.
ഫോണ്‍ കൈയില്‍ പിടിച്ചോ കിടക്കുന്നതിന് സമീപത്തായി ചാര്‍ജ് ചെയ്യാനിട്ടോ ഉറങ്ങരുതെന്ന വ്യക്തമായ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ആപ്പിള്‍. ആപ്പിളിന്റെ ഓണ്‍ലൈന്‍ ഉപഭോക്തൃ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പവും ഇത് ചേര്‍ത്തിട്ടുണ്ട്. നിങ്ങളുടെ ഐ ഫോണ്‍ നല്ല വായുസഞ്ചാരം ഉള്ള സ്ഥലത്ത് മേശയിലോ മറ്റേതെങ്കിലും കട്ടിയുള്ള പ്രതലത്തില്‍ വച്ചോ വേണം ചാര്‍ജ് ചെയ്യാനെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സോഫ, കട്ടില്‍ പോലെ മൃദുലമായ പ്രതലങ്ങളില്‍ വച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് അപകടം വിളിച്ചുവരുത്തുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ചൂട് പുറപ്പെടുവിക്കും. ഈ ചൂട് പുറന്തള്ളാനുള്ള സാഹചര്യം ഇല്ലാത്തപ്പോഴാണ് പൊള്ളലടക്കമുള്ള ദുരന്തങ്ങള്‍ സംഭവവിക്കുന്നതെന്ന് കമ്പനി ചൂണ്ടിക്കാട്ടി.
.