ട്വിറ്റർ റീബ്രാൻഡ് ചെയ്ത് രൂപീകരിച്ച പ്ലാറ്റ്ഫോമായ എക്സിൽ വീണ്ടും പുതിയ മാറ്റങ്ങൾ. ട്വിറ്ററിന് പകരം, പുതിയ ലോഗോയും പേരും എത്തിയതിന് പിന്നാലെ ഇത്തവണ യുആർഎല്ലിലാണ് മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, twitter.com എന്ന് തന്നെയാണ് എക്സിന്റെ യുആർഎൽ. എന്നാൽ, പുതിയ ഐഒഎസ് പതിപ്പിൽ നിന്നുള്ള ഷെയര്‍ ലിങ്കുകളിൽ x.com എന്ന പുതിയ യുആർഎൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധികം വൈകാതെ ആൻഡ്രോയിഡ് ഉപകരണങ്ങളിലേക്കും ഈ മാറ്റം പ്രതീക്ഷിക്കാവുന്നതാണ്.
twitter.com-ൽ തുടങ്ങുന്ന യുആർഎല്ലുകൾ എഡിറ്റ് ചെയ്ത് തുടക്കത്തിലെ ട്വിറ്റർ മാറ്റി x എന്ന് മാറ്റി സ്ഥാപിച്ചാലും, ആ ലിങ്ക് യഥാർത്ഥ പോസ്റ്റിലേക്ക് തന്നെയാണ് റീഡയറക്ട് ചെയ്യുക. അധികം വൈകാതെ എക്സിൽ നിന്ന് ട്വിറ്റർ എന്ന പേരിന്റെ അംശം പൂർണമായും ഇല്ലാതാക്കാനാണ് മസ്കിന്റെ നീക്കം. ദിവസങ്ങൾക്ക് മുൻപ് ട്വിറ്ററിന്റെ ഉപ ഉൽപ്പന്നങ്ങളായിരുന്ന ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷന്റെ പേര് മാറ്റി ‘എക്സ് പ്രീമിയം’ സബ്സ്ക്രിപ്ഷൻ എന്നാക്കിയിട്ടുണ്ട്. കൂടാതെ, ട്വിറ്റർ ടെക്ക്, ട്വിറ്റർ ഹെൽപ് സെന്റർ ഉൾപ്പെടെയുള്ള അനുബന്ധ വെബ്സൈറ്റുകളിലും പുതിയ ബ്രാൻഡിന് അനുയോജ്യമായ രീതിയിലുള്ള മാറ്റങ്ങൾ ഉടൻ നടപ്പാക്കും.