മൊഹ്സിൻ നഖ്വിയുടെ പുതിയ ഭീഷണി! ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം പാകിസ്ഥാൻ ബഹിഷ്കരിച്ചേക്കും| 2026 T20 World Cup Pakistan May Boycott India Match as Protest Against ICC Says Mohsin Naqvi |
Last Updated:
ടൂർണമെന്റിൽ നിന്ന് പൂർണമായും പിന്മാറുന്ന കാര്യവും പിസിബി ചീഫ് മൊഹ്സിൻ നഖ്വിയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും തമ്മിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തേക്കും
2026 ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്കരിക്കുന്നത് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) ആലോചിക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോടുള്ള (ICC) പ്രതിഷേധം രേഖപ്പെടുത്താനായി പിസിബി പരിഗണിക്കുന്ന നിരവധി മാർഗങ്ങളിലൊന്നാണിതെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ടൂർണമെന്റിൽ നിന്ന് പൂർണമായും പിന്മാറുന്ന കാര്യവും പിസിബി ചീഫ് മൊഹ്സിൻ നഖ്വിയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും തമ്മിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തേക്കും. പാകിസ്ഥാൻ ആഭ്യന്തര മന്ത്രി കൂടിയായ നഖ്വി രാജ്യത്തെ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ്.
സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് ടീമിനെ അയക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വിസമ്മതിച്ചതിനെത്തുടർന്ന്, പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തുമെന്ന് ഐസിസി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നഖ്വി പിന്മാറ്റ സൂചന നൽകിയത്. “ഞങ്ങൾ ടി20 ലോകകപ്പിൽ കളിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. പ്രധാനമന്ത്രി വിദേശത്താണ്, അദ്ദേഹം തിരിച്ചെത്തിയാൽ ഞങ്ങൾ ഉപദേശം തേടും. സർക്കാർ തീരുമാനം അന്തിമമായിരിക്കും,” നഖ്വി പറഞ്ഞു.
ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തെ അനുകൂലിച്ച ഏക രാജ്യം പാകിസ്ഥാനായിരുന്നു. ഐസിസിയുടെ തീരുമാനത്തെ ‘അനീതി’ എന്നാണ് നഖ്വി വിശേഷിപ്പിച്ചത്. എന്നാൽ മത്സരങ്ങൾ മാറ്റാൻ തക്ക സുരക്ഷാ ഭീഷണികളില്ലെന്നാണ് ഐസിസിയുടെ നിലപാട്.
ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുകയാണെങ്കിൽ അത് പാകിസ്ഥാന്റെ തോൽവിയായി കണക്കാക്കും. ഗ്രൂപ്പ് എ-യിൽ ഇന്ത്യക്കും പാകിസ്ഥാനുമൊപ്പം യുഎസ്എ, നെതർലൻഡ്സ്, നമീബിയ എന്നിവരാണുള്ളത്. ഇന്ത്യക്കെതിരായ രണ്ട് പോയിന്റുകൾ നഷ്ടപ്പെടുന്നത് പാകിസ്ഥാന്റെ അടുത്ത റൗണ്ട് പ്രവേശനത്തെ സങ്കീർണമാക്കും. അതേസമയം, ടൂർണമെന്റിൽ നിന്ന് പൂർണമായും പിന്മാറിയാൽ പിസിബിക്ക് മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താൻ ഐസിസി തയ്യാറായേക്കുമെന്നും സൂചനയുണ്ട്.
New Delhi,New Delhi,Delhi
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y
