EBM News Malayalam
Leading Newsportal in Malayalam

India Vs Australia 2nd test day1| മിച്ചൽ സ്റ്റാർക്കിന് 6 വിക്കറ്റ്; രണ്ടാം ടെസ്റ്റിലെ ആദ്യദിനം ഇന്ത്യ 180ന് പുറത്ത്| India vs Australia 2nd Test Day 1 IND Bowled Out For 180 Mitchell Starc Takes 6 Wickets


Last Updated:

54 പന്തിൽ 42 റൺസെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ

(AP)
(AP)

അഡ്‍ലെയ്ഡ്: ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 180 റൺസിന് പുറത്ത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 44.1 ഓവറിൽ 180 റൺസിന് എല്ലാവരും പുറത്തായി. 54 പന്തിൽ 42 റൺസെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. കെ എൽ രാഹുൽ (37), ശുഭ്മൻ ഗിൽ (31), ഋഷഭ് പന്ത് (21), രവിചന്ദ്രൻ അശ്വിൻ (22) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് 6 വിക്കറ്റ് നേടി. 14.1 ഓവറിൽ 48 റൺസ് വഴങ്ങിയാണ് സ്റ്റാർക്ക് 6 വിക്കറ്റ് വീഴ്ത്തിയത്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസും സ്കോട് ബോളണ്ടും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ യശസ്വി ജയ്സ്വാളിനെ സ്റ്റാർക്ക് എൽബിയിൽ കുരുക്കി.64 പന്തിൽ 6 ഫോറുകളോടെ 37 റൺസെടുത്ത രാഹുലിനെ മിച്ചൽ സ്റ്റാർക്ക് സ്ലിപ്പിൽ മക്‌സ്വീനിയുടെ കൈകളിലെത്തിച്ചു. ഈ പരമ്പരയിൽ തുടർച്ചയായ മൂന്നാം ഇന്നിങ്സിലാണ് സ്റ്റാർക്ക് രാഹുലിനെ പുറത്താക്കുന്നത്. രണ്ടാം വിക്കറ്റിൽ ശുഭ്മൻ ഗില്ലിനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് രക്ഷപ്പെടുത്തിയ ശേഷമാണ് രാഹുൽ മടങ്ങിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്തു.

8 പന്തിൽ ഒരു ഫോർ സഹിതം 7 റൺസുമായി കോഹ്ലി നന്നായി തുടങ്ങിയെങ്കിലും തൊട്ടുപിന്നാലെ പുറത്തായി. സ്റ്റാർക്കിന്റെ പന്തിൽ സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നൽകിയാണ് കോഹ്ലി മടങ്ങിയത്. തൊട്ടടുത്ത ഓവറിൽ ശുഭ്മാൻ ഗില്ലും പുറത്തായി. 51 പന്തിൽ 5 ഫോറുകൾ സഹിതം 31 റണ്‍സെടുത്ത ഗില്ലിനെ ബോളണ്ട് എൽബിയിൽ കുരുക്കി.

സ്കോട് ബോളണ്ടിന്റെ ആദ്യ ഓവറിൽത്തന്നെ രാഹുൽ രണ്ടു തവണ പുറത്താകലിന്റെ വക്കിലെത്തിയെങ്കിലും ആദ്യം നോബോളും രണ്ടാമത് ഉസ്മാൻ ഖവാജ ക്യാച്ച് കൈവിട്ടതും തുണച്ചു. ആദ്യ പന്തിൽത്തന്നെ രാഹുൽ വിക്കറ്റ് കീപ്പറിനു ക്യാച്ച് നൽകിയെങ്കിലും, ബോളണ്ടിന്റെ പാദം വര കടന്നതോടെ നോബോളായി. അഞ്ചാം പന്തിൽ രാഹുൽ നൽകിയ ക്യാച്ച് സ്ലിപ്പിൽ ഉസ്മാൻ ഖവാജ കൈവിട്ടു.

നേരത്തേ, ടോസ് ലഭിച്ച രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യൻ നിര ഇറങ്ങിയത്. രോഹിത് ശർമയ്ക്കു പുറമേ ശുഭ്മാൻ ഗിൽ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ടീമിൽ തിരിച്ചെത്തി. ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, വാഷിങ്ടൻ സുന്ദർ എന്നിവരാണ് പുറത്തായത്. ഓസീസ് നിരയിൽ പരിക്കേറ്റ ജോഷ് ഹെയ്സൽവുഡിനു പകരം സ്കോട് ബോളണ്ട് ടീമിലെത്തി.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y