ബകു (അസർബൈജാൻ) : ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ ടൈ-ബ്രേക്കറിലേക്ക്. ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാൾസനെ സമനിലയില്‍ തളച്ചു. കഴിഞ്ഞ ദിവസം നടന്ന ആദ്യ റൗണ്ടും സമനിലയോടെ അവസാനിച്ചിരുന്നു. ഇതോടെ വിജയിയെ കണ്ടെത്താൻ മത്സരം ടൈ ബ്രേക്കറിലേക്ക് നീളും. രണ്ട് ടൈ ബ്രേക്കറുകള്‍ അടങ്ങുന്ന മത്സരം വ്യാഴാഴ്ച നടക്കും. ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്നാനന്ദ.
ഇന്ന് നടന്ന ഗെയിം 30 നീക്കത്തോടെ സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഇന്നലത്തെ ആദ്യ റൗണ്ട് 35 നീക്കത്തിന് ശേഷം സമനിലയിൽ അവസാനിച്ചിരുന്നു.
Also read-ചെസ് ലോകകപ്പ്: ഇന്ത്യന്‍ താരം പ്രഗ്നാനന്ദ ഫൈനലിൽ; ഏറ്റവും പ്രായം കുറഞ്ഞ താരം; നേരിടുക മാഗ്നസ് കാൾസനെ
ഇന്ത്യയുടെ ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദിനുശേഷം ചെസ്സ് ലോകകപ്പിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി പ്രഗ്നാനന്ദ മാറി. ക്വാര്‍ട്ടറില്‍ സുഹൃത്തും സഹ താരവുമായ എരിഗൈസി അര്‍ജുനെ വീഴ്ത്തിയാണ് പ്രഗ്നാനന്ദ അവസാന നാലില്‍ സ്ഥാനം ഉറപ്പിച്ചത്. ടൈബ്രേക്കറിലേക്ക് തന്നെ നീണ്ട നാടകീയ പോരാട്ടം അതിജീവിച്ചാണ് പ്രഗ്നാനന്ദയുടെ മുന്നേറ്റം.