EBM News Malayalam
Leading Newsportal in Malayalam

യുജിസി തുല്യതാ ചട്ടങ്ങള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു Supreme Court stays UGC Equity rules | ഇന്ത്യ വാർത്ത


Last Updated:

രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങളും ചട്ടങ്ങളിലെ പോരായ്മകളും പരിഗണിച്ചാണ് സുപ്രീം കോടതിയുടെ സ്‌റ്റേ

സുപ്രീം കോടതി
സുപ്രീം കോടതി

യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മീഷൻ (യുജിസി) പുറത്തിറക്കിയ പുതിയ ജാതിവിവേചന വിരുദ്ധ ചട്ടങ്ങൾ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങളും ചട്ടങ്ങളിലെ പോരായ്മകളും പരിഗണിച്ചാണ് സുപ്രീം കോടതിയുടെ സ്‌റ്റേ. യുജിസി തുല്യതാ ചട്ടങ്ങളിലെ ഭാഷ അവ്യക്തവും ദുരുപയോഗത്തിന് സാധ്യതയുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇന്ത്യയുടെ ഐക്യം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഫലിക്കണമെന്നും ഊന്നിപ്പറഞ്ഞു.

രാജ്യവ്യാപകമായി വിവാദങ്ങൾക്ക് തിരികൊളുത്തിയ യുജിസി ചട്ടങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി നടപടി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം തടയുന്നതിനും വിദ്യാർത്ഥികൾക്ക് സുരക്ഷിതവും മാന്യവുമായ അക്കാദമിക് അന്തരീക്ഷം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള തുല്യതാ ചട്ടങ്ങൾ ഈ മാസം ആദ്യമാണ് യുജിസി പുറത്തിറക്കിയത്. എന്നാൽ ഇതിലെ വ്യവസ്ഥകൾ ദുരുപയോഗത്തിന് സാധ്യതയുള്ളതാണെന്നും തങ്ങളുടെ സമുദായങ്ങളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എതിരെ തെറ്റായ പരാതികൾക്ക് കാരണമാകുമെന്നും വാദിച്ച് ഉയർന്ന ജാതിക്കാരുടെ സംഘടനകൾ രംഗത്തെത്തിയതോടെ സംഭവം വിവാദമായി.

മ്യുത്യഞ്ജയ് തിവാരി, അഭിഭാഷകനായ വിനീത് ജിൻഡാൽ, രാഹുൽ ദിവാൻ എന്നിവരാണ് യുജിസി തുല്യതാ ചട്ടങ്ങൾക്കെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. പുതിയ ചട്ടങ്ങൾ ജനറൽ വിഭാഗത്തിനെതിരെയുള്ള വിവേചനം പ്രോത്സാഹിപ്പിക്കുമെന്ന് ഹർജിക്കാർ വാദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ചില സമുദായങ്ങളിൽ നിന്നുള്ളവർ മറ്റുള്ളവരെ അപേക്ഷിച്ച് മികച്ച ആനുകൂല്യങ്ങൾ ആസ്വദിക്കുന്നുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഇപ്പോൾ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സംവരണ വിഭാഗങ്ങളിൽ പോലും ‘ഉള്ളവനും ഇല്ലാത്തവനും’ എന്ന വേർതിരിവ് രൂപപ്പെട്ടിട്ടുണ്ടെന്ന് നിയമസഭകൾ പോലും തിരിച്ചറിഞ്ഞതായി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കു ഷേവും ജാതിരഹിത സമൂഹമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന് പകരം നമ്മൾ ഒരു പിന്തിരിപ്പൻ ദിശയിലേക്കാണോ നീങ്ങുന്നതെന്നും കോടതി ചോദിച്ചു. പട്ടികജാതി, പട്ടികവിഭാഗത്തിൽപ്പെട്ടവർക്കായി പ്രത്യേക നിയമങ്ങൾ നിർമിക്കാൻ ആർട്ടിക്കിൾ 15(4) സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നുണ്ടെന്ന് ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിലെ സാമൂഹിക വിവേചനത്തിലേക്ക് നയിച്ചേക്കാവുന്ന ചട്ടങ്ങൾക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി.

“ഇന്ത്യയുടെ ഏകത്വം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രതിഫലിക്കണം. അമേരിക്കയിൽ കറുത്തവരും വെള്ളക്കാരും വ്യത്യസ്ഥ സ്‌കൂളുകളിൽ പഠിച്ചിരുന്നത് പോലെയുള്ള സംവിധാനത്തിലേക്ക് നമ്മൾ പോകില്ലെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്”, ബാഗ്ചി പറഞ്ഞു.

പുതിയ യുജിസി ചട്ടങ്ങളുടെ ഭാഷ അവ്യക്തമാണെന്നും അത് ചൂഷണം ചെയ്യപ്പെടാത്ത വിധം പരിഷ്‌കരിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് കാന്ത് പറഞ്ഞു. കേന്ദ്ര സർക്കാരിന് അവരുടെ ആശങ്കകൾ പ്രകടിപ്പിക്കാൻ ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കുന്നത് പരിഗണിക്കാമെന്നും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

2026-ലെ യുജിസി തുല്യതാ ചട്ടങ്ങൾ താൽക്കാലികമായി സ്‌റ്റേ ചെയ്യുന്നതായും 2012-ലെ ചട്ടങ്ങൾ തുടരുമെന്നും കോടതി ഉത്തരവിറക്കി. ഹർജിക്കാരെ പരിഹാരമില്ലാതെ വിടാനാകില്ലെന്നും പിന്നോക്ക വിഭാഗങ്ങൾക്കായുള്ള പരാതിപരിഹാര സംവിധാനം തുടരേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് കാന്ത് അറിയിച്ചു.

ജാതി അധിഷ്ഠിത വിവേചനത്തെ സംബന്ധിച്ച ഏതൊരു നിയമപരമായ നിർവചനവും യുക്തിസഹമായ വ്യത്യാസത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. മറ്റൊരു അഭിഭാഷകൻ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന റാഗിംഗിനെക്കുറിച്ചുള്ള ആശങ്കയും കോടതിയിൽ ഉയർത്തി. ഒരു ജനറൽ വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥി അവരുടെ ഐഡന്റിറ്റി നോക്കി പരിഗണിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്യാമ്പസ് ജീവിതത്തിന്റെ അടിസ്ഥാന യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ ജാതി അടിസ്ഥാനമാക്കിയുള്ള വിഷയങ്ങളിൽ മാത്രമാണ് യുജിസി ചട്ടങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ  വാദം കേട്ട ശേഷം രോഹിത് വെമുലയുടെയും പായൽ തദ്‍വിയുടെയും അമ്മമാരുടെ ഹർജികൾ മാർച്ച് 19-ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. മറ്റ് ഹർജികളിലെ ഉത്തരവുകളും പ്രശ്‌നങ്ങളും കൂടി പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y