മകനെ ആക്രമിച്ച പുള്ളിപ്പുലിയെ കുന്തവും അരിവാളും ഉപയോഗിച്ച് വയോധികൻ കൊന്നു Elderly man kills leopard that attacked his son with spear and sickle in gujarat | ഇന്ത്യ വാർത്ത
Last Updated:
ആക്രമണത്തിൽ പരിക്കേറ്റിട്ടും തളരാതെ അസാമാന്യ ധൈര്യം പ്രകടിപ്പിച്ച പിതാവ് സമീപത്തുണ്ടായിരുന്ന കുന്തവും അരിവാളും കൊണ്ട് പുള്ളിപ്പുലിയെ നേരിടുകയായിരുന്നു
മകനെ ആക്രമിച്ച പുള്ളിപ്പുലിയെ കുന്തവും അരിവാളും ഉപയോഗിച്ച് വയോധികൻ കൊന്നു.ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ ഗംഗ്ഡ ഗ്രാമത്തിന് സമീപം വ്യാഴാഴ്ചയാണ് സംഭവം നടന്നത്.വീടിന് പുറത്ത് ഇരിക്കുകയായിരുന്ന പിതാവിനെ സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുള്ളിപ്പുലി പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു.
പിതാവിന്റെ നിലവിളി കേട്ട് സഹായിക്കാനായി ഓടിയെത്തിയ മകന് നേരെ പുള്ളിപ്പുലി തിരിയുകയും അവനെ ക്രൂരമായി ആക്രമിക്കുകയും ചെയ്തു. പുള്ളിപ്പുലിയുടെ ആക്രമണത്തിൽ മകന് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിൽ തനിക്കും പരിക്കേറ്റിട്ടും തളരാതെ അസാമാന്യ ധൈര്യം പ്രകടിപ്പിച്ച പിതാവ് സമീപത്തുണ്ടായിരുന്ന കുന്തവും അരിവാളും കൊണ്ട് പുള്ളിപ്പുലിയെ നേരിടുകയായിരുന്നു.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പിതാവിനെയും മകനെയും ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അവിടെ ചികിത്സയിൽ തുടരുകയാണ്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുള്ളിപ്പുലിയുടെ മൃതദേഹം കസ്റ്റഡിയിലെടുത്തു. പുള്ളിപ്പുലിയുടെ ആരോഗ്യം, പ്രായം, എന്നിവ കണ്ടെത്താനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
ഗുജറാത്തിൽ പുള്ളിപ്പുലികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൗരാഷ്ട്ര, കച്ച് മേഖലകളിൽ കേന്ദ്രീകരിച്ച് സംസ്ഥാനത്തുടനീളം 2,200-ലധികം പുള്ളിപ്പുലികളുണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്. പുള്ളിപ്പുലികൾ ഇരതേടി ജനവാസ കേന്ദ്രങ്ങളോട് ചേർന്ന് കഴിയാറുള്ളത് ഇത്തരം അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഇതിനുപുറമെ, ദാഹോദ് ജില്ലയിലെ രത്തൻമഹൽ വനങ്ങളിൽ അടുത്തിടെ കടുവകളെ കണ്ടതായും റിപ്പോർട്ടുകളുണ്ട്. വന്യജീവികളും മനുഷ്യരും ഒരേ മേഖലയിൽ കഴിയുന്ന സാഹചര്യത്തിൽ, ഇത്തരം ആക്രമണങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നും വേലികൾ ഉറപ്പിക്കണമെന്നും ബോധവൽക്കരണം ശക്തമാക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y
