ട്രെയിൻ വൈകിയതിനാൽ പരീക്ഷ മുടങ്ങി; വിദ്യാർത്ഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്|Railway Ordered to Pay 9.10 Lakh Compensation to Student Who Missed Exam Due to Train Delay | ഇന്ത്യ വാർത്ത
Last Updated:
ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രധാന വിധി
ലഖ്നൗ: ട്രെയിൻ വൈകിയത് മൂലം എൻട്രൻസ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ റെയിൽവേയ്ക്ക് ഉത്തരവ്. ഉത്തർപ്രദേശിലെ ബസ്തി സ്വദേശിനിയായ സമൃദ്ധിക്കാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ നിന്ന് അനുകൂല വിധി ലഭിച്ചത്. ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഈ സുപ്രധാന വിധി.
2018 മെയ് 7-നായിരുന്നു സമൃദ്ധിയുടെ ബി.എസ്സി ബയോടെക്നോളജി എൻട്രൻസ് പരീക്ഷ. ലഖ്നൗവിലെ പരീക്ഷാ കേന്ദ്രത്തിലേക്ക് പോകാനായി ബസ്തിയിൽ നിന്ന് ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് സമൃദ്ധി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. രാവിലെ 11 മണിക്ക് ലഖ്നൗവിൽ എത്തേണ്ടിയിരുന്ന ട്രെയിൻ രണ്ടര മണിക്കൂറോളം വൈകി. ഉച്ചയ്ക്ക് 12.30-ന് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടിയിരുന്ന വിദ്യാർത്ഥിനിക്ക് ട്രെയിൻ വൈകിയത് മൂലം പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകുകയായിരുന്നു.
ഒരു വർഷത്തോളം നീണ്ട കഠിനമായ പരീക്ഷാ പരിശീലനവും ഭാവി അവസരങ്ങളും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സമൃദ്ധി ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. സമയബന്ധിതമായി സേവനം ഉറപ്പുവരുത്തുന്നതിൽ റെയിൽവേ പരാജയപ്പെട്ടുവെന്ന് കമ്മിഷൻ നിരീക്ഷിച്ചു. ട്രെയിൻ വൈകിയതിന് കൃത്യമായ വിശദീകരണം നൽകാൻ റെയിൽവേയ്ക്ക് സാധിച്ചില്ല. അതേസമയം, 45 ദിവസത്തിനകം നഷ്ടപരിഹാരത്തുകയായ 9.10 ലക്ഷം രൂപ നൽകണമെന്നും വൈകിയാൽ 12 ശതമാനം പലിശ കൂടി നൽകണമെന്നുമാണ് ഉത്തരവ്. റെയിൽവേ മന്ത്രാലയം, ജനറൽ മാനേജർ, സ്റ്റേഷൻ സൂപ്രണ്ട് എന്നിവർക്കെതിരെയാണ് നടപടി.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y
