പ്രയാഗ്‌രാജ് : പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പൂജ അർപ്പിക്കുകയും പുണ്യസ്‌നാനം നടത്തുകയും ചെയ്തു. കൂടാതെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പ്രധാനമന്ത്രി യമുന നദിയിൽ ഒരു ബോട്ട് യാത്ര നടത്തുകയും ചെയ്തു.
അതേ സമയം ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി തീർത്ഥാടന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി നിരന്തരം മുൻകൈയെടുത്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 13 ന് പ്രയാഗ്‌രാജ് സന്ദർശിച്ച പ്രധാനമന്ത്രി പൊതുജനങ്ങൾക്കുള്ള ഗതാഗതം, സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി 5,500 കോടി രൂപയുടെ 167 വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.
ഇതിനോടകം തന്നെ നിരവധി കേന്ദ്രമന്ത്രിമാരും പ്രമുഖരുമാണ് കുംഭമേളയിൽ പങ്കെടുത്തത്. ഇന്ന് രാവിലെ കേന്ദ്രമന്ത്രി കിരൺ റിജിജുവും പ്രയാഗ്‌രാജിലെ മഹാകുംഭ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയിരുന്നു.
ഇന്ന് രാവിലെ 8 മണി വരെ 3.748 ദശലക്ഷത്തിലധികം ഭക്തർ ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമസ്ഥാനത്ത് പുണ്യസ്നാനം നടത്തിയെന്നാണ് കണക്ക്.
പൗഷ് പൂർണിമയിൽ (ജനുവരി 13, 2025) ആരംഭിച്ച മഹാകുംഭ് 2025 ലോകത്തിലെ ഏറ്റവും വലിയ ആത്മീയ, സാംസ്കാരിക സമ്മേളനമാണ്.
ലോകമെമ്പാടുമുള്ള ഭക്തരെ ഇവിടം ആകർഷിക്കുന്നു. ഫെബ്രുവരി 26 ന് മഹാശിവരാത്രി വരെ മഹാകുംഭം തുടരും.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y