യമുനാ ജലത്തില്‍ ഹരിയാന വിഷം കലര്‍ത്തുന്നുവെന്ന വിവാദ പരാമര്‍ശം: അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുത്തു
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ കേസ്. ഹരിയാന സര്‍ക്കാര്‍ യമുനാ ജലത്തില്‍ വിഷകലക്കുന്നുവെന്ന വ്യാജ പ്രസ്താവനയില്‍ ഹരിയാനയിലെ കുരുക്ഷേത്ര പൊലീസാണ് കേസെടുത്തത്. സര്‍ക്കാരിനെയും സംസ്ഥാനത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ അരവിന്ദ് കെജ്‌രിവാള്‍ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
പ്രസ്താവനയില്‍ നേരത്തെ കെജ്‌രിവാള്‍ നേരിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെത്തി വിശദീകരണം നല്‍കിയിരുന്നു. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഇതിന് വ്യക്തമായ കണക്കുകള്‍ ഉണ്ടെന്നുമാണ് കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ഇതോടെയാണ് ഹരിയാന കേസെടുത്തിരിക്കുന്നത്. കലാപത്തിന് പ്രേരിപ്പിക്കൽ, വിദ്വേഷം വളർത്തൽ, ദ്രോഹിക്കുക എന്ന ഉദ്ദേശത്തോടെ ഒരാളുടെ പേരിൽ തെറ്റായി കുറ്റം ചുമത്തുക, പൗരന്മാരുടെ മതവികാരം വ്രണപ്പെടുത്തുന്ന ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികളിൽ ഏർപ്പെടുക തുടങ്ങിയവ കെജ്രിവാളിനെതിരെയുള്ള ആരോപണങ്ങളിൽപ്പെടുന്നു.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേ സമയം ഈ ആരോപണം തെറ്റാണെന്നു ചൂണ്ടിക്കാട്ടി ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി യമുനയിലെ വെള്ളം കുടിക്കുന്നതിൻ്റെ വീഡിയോ പുറത്തുവിട്ടു. ഹരിയാനയിലെ ബിജെപി സർക്കാർ കുടിക്കുന്ന വെള്ളത്തിൽ വിഷം കലർത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു. ഇത്തരം വിചിത്രമായ പ്രസ്താവവനകൾ നടത്തി എഎപി നേതാവ് തൻ്റെ പാർട്ടിയുടെ ഭരണ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും നരേന്ദ്രമോദി ആരോപിച്ചു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y