EBM News Malayalam
Leading Newsportal in Malayalam

വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങിയ യുവാവിനും 2 കൂട്ടുകാര്‍ക്കും ദാരുണാന്ത്യം; മരണമെത്തിയത് നായക്കുട്ടിയുടെ രൂപത്തില്‍


ലക്‌നൗ:വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങവെയാണ് കരണ്‍ വിശ്വകര്‍മയും മറ്റ് രണ്ട് കൂട്ടുകാരും അപകടത്തില്‍പ്പെട്ടത്. പ്രദ്യുമ്‌ന സെന്‍, പ്രമോദ് യാദവ് എന്നിവരാണ് മറ്റു രണ്ട് പേര്‍. ലളിത്പൂരിലെ വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍ മൂന്ന് പേരും. ചര്‍ഗാവിലേക്കായിരുന്നു മടക്കം.

വൈകുന്നേരം ആറരയോടെ ബബിന ടോള്‍ പ്ലാസയ്ക്ക് സമീപത്തെത്തിയ ഇവരുടെ വാഹനത്തിനു മുന്നിലേക്ക് പെട്ടെന്ന് ഒരു നായ്ക്കുട്ടി വന്ന് നിന്നു. ഇതിനെ രക്ഷിക്കാനായി ബ്രേക്ക് ചവിട്ടുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് പായുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് നിയന്ത്രണം വിട്ട കാര്‍ ചെന്നിടിച്ചതാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൂന്ന് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. സംഭവത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കൊല്ലപ്പെട്ടവരെല്ലാം 20നും 25നും ഇടയില്‍ പ്രായമുള്ള യുവാക്കളാണെന്ന് പൊലീസ് പറഞ്ഞു. ജെസിബിയുടെ സഹായത്തോടെയാണ് കാറിന്റെ തകര്‍ന്ന ഭാഗങ്ങള്‍ മുഴുവനായി മാറ്റി മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y