EBM News Malayalam
Leading Newsportal in Malayalam

ഇടക്കാല ജാമ്യം ലഭിച്ചിട്ടും ഒരു രാത്രി ജയിലിൽ: നടൻ അല്ലു അർജുൻ ഇന്ന് ജയിൽ മോചിതനാകും


ഹൈദരാബാദ്: നടൻ അല്ലു അർജുൻ ഇന്ന് ജയിൽ മോചിതനാകും. തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചിട്ടും ഇന്നലെ രാത്രിയിൽ അല്ലു അർജുന് ചഞ്ചൽഗുഡ ജയിലിൽ കഴിയേണ്ടി വന്നു. ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിൻറെ ഒപ്പിട്ട പകർപ്പ് ലഭിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചിട്ടും താരത്തിന് ഒരു രാത്രിയിൽ ജയിലിൽ കഴിയേണ്ടി വന്നത്. പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിൽ ഇന്നലെയാണ് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ അറസ്റ്റിലായ താരത്തെ, ഹൈദരാബാദിലെ നാന്പള്ളി മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. വൈകീട്ടോടെ പുറത്തിറങ്ങാനാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഉത്തരവ് വൈകിയത് തിരിച്ചടിയായി.

അല്ലു അർജുൻറെ അറസ്റ്റിൽ കടുത്ത പ്രതിഷേധവുമായി ആരാധക കൂട്ടായ്മ രംഗത്തെത്തി. തെലങ്കാനയിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. അല്ലു അർജുൻറെ അറസ്റ്റിൽ പുകയുകയാണ് തെലങ്കാന രാഷ്ട്രീയവും തെലുങ്ക് സിനിമാ ലോകവും. സർക്കാർ നടപടിക്കെതിരെ ബിആർഎസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തെലുങ്ക് സിനിമ മേഖലയിലുള്ളവരും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രം​ഗത്തെത്തി. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രിയുടെ പ്രതികരണം. അല്ലു അർജുൻറെ മനുഷ്യാവകാശത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു. മരിച്ച സ്ത്രീക്ക് മനുഷ്യാവകാശങ്ങൾ ഉണ്ടായിരുന്നില്ലേയെന്നും രേവന്ത് റെഡ്ഡി ചോദിച്ചു. അവരുടെ മകൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്. അതേക്കുറിച്ച് ആരും സംസാരിക്കാത്തത് എന്താണെന്നും രേവന്ത് റെഡ്ഡി ചോദിച്ചു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y