EBM News Malayalam
Leading Newsportal in Malayalam

അര്‍ജുന്റെ ലോറി കണ്ടെത്തുക എന്നത് മാത്രമാണ് ഇനി ലക്ഷ്യം, തെരച്ചില്‍ തുടരും: കാര്‍വാര്‍ എസ്പി


ബെംഗളൂരു: ലോഹ ഭാഗങ്ങളുള്ള സ്ഥലങ്ങളെല്ലാം മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഗ്യാസ് ടാങ്കറിന്റെ എഞ്ചിനും ടയറും ഉള്‍പ്പെടെയുള്ള ഭാഗങ്ങളെല്ലാം കണ്ടെത്തി കഴിഞ്ഞു. അതിനാല്‍ തന്നെ ഇനി തെരച്ചില്‍ നടത്താനുള്ള സ്ഥലങ്ങളില്‍ അര്‍ജുന്റെ ലോറി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി ഗ്യാസ് ടാങ്കറിനെക്കുറിച്ച് ആലോചിക്കാനില്ല. ഇനി അര്‍ജുന്റെ ലോറി കണ്ടെത്തുകയെന്ന കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. തെരച്ചില്‍ തുടരും. ഇന്നലെ അര്‍ജുന്റെ ലോറിയിലെ ലൈറ്റ് റിഫ്‌ളക്ടറിന്റെ ഭാഗം കിട്ടിയത് നിര്‍ണായക വഴിത്തിരിവാണ് നേവി മാര്‍ക്ക് ചെയ്ത സ്ഥലങ്ങളില്‍ തെരച്ചില്‍ തുടരും.

ലോഹ സാന്നിധ്യം ശക്തമായി കണ്ടെത്തിയ സ്ഥലങ്ങളിലായിരിക്കും പരിശോധന. കാലാവസ്ഥ പ്രതികൂലമായാല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവരും. അതല്ലാതെ ഏതു സൗഹചര്യത്തിലും ദൗത്യം നിര്‍ത്തില്ല. മഴ പെയ്താല്‍ തെരച്ചില്‍ മന്ദഗതിയിലാകും. മണ്ണിടിച്ചിലുണ്ടായപ്പോള്‍ ഗംഗാവലി പുഴയില്‍ സ്‌ഫോടനം ഉണ്ടായെന്ന പ്രചാരണം തെറ്റാണെന്നും ഇലക്ട്രിക് ടവറും ഗ്യാസ് ടാങ്കറും ഉള്‍പ്പെടെ പുഴയില്‍ പതിച്ചപ്പോള്‍ നേരിയ സ്പാര്‍ക്ക് അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്നും കാര്‍വാര്‍ എസ്പി നാരായണ പറഞ്ഞു.

അതേസമയം, കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ കാണാതായിട്ട് ഇന്ന് എഴുപത് ദിവസം പിന്നിടുകയാണ്. അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിന്റെ മൂന്നാം ഘട്ടത്തിലെ അഞ്ചാം ദിവസമായ ഇന്ന് ഷിരൂര്‍ ഉള്‍പ്പെടുന്ന ഉത്തര കന്നഡ ജില്ലയില്‍ റെഡ് അലര്‍ട്ടാണ്. ഗംഗാവലിപ്പുഴയുടെ തീരമേഖലയിലടക്കം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മഴ കനത്താല്‍ പുഴയുടെ ഒഴുക്ക് കൂടുകയും കലങ്ങുകയും ചെയ്യുന്നത് ഡ്രഡ്ജിംഗിനും ഡൈവര്‍മാര്‍ക്ക് ഇറങ്ങുന്നതിനും തടസമാണ്. ഇപ്പോഴും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശമായതിനാല്‍ മണ്ണിടിഞ്ഞ കരയുടെ ഭാഗത്ത് ആളുകള്‍ക്ക് പ്രവേശനം നിയന്ത്രിച്ചേക്കും.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y