മാലി: മാലിദ്വീപിന്റെ കടം തിരിച്ചടവ് ലഘൂകരിച്ചതിനും സാമ്പത്തിക പിന്തുണയ്ക്കും ഇന്ത്യയ്ക്കും ചൈനയ്ക്കും നന്ദി അറിയിച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലിദ്വീപിന്റെ സ്വാതന്ത്ര്യദിന ചടങ്ങിലാണ് മുയിസുവിന്റെ പ്രഖ്യാപനം. ഇന്ത്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്രവ്യാപാര കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
കടക്കെണിയുമായി ബന്ധപ്പെട്ട് അപകടസാധ്യത നേരിടേണ്ടിവരുമെന്ന് മാലിദ്വീപിനു രാജ്യാന്തര നാണയ നിധി മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് ഇന്ത്യയുമായി മുയിസു സര്‍ക്കാര്‍ അനുരഞ്ജന നയം സ്വീകരിച്ചത്. നേരത്തേ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഇടക്കുവച്ച് മോശമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുയിസു പങ്കെടുത്തതോടെ മഞ്ഞുരുകി. ഇന്ത്യാവിരുദ്ധ പ്രചാരണം ശക്തിപ്പെടുത്തിയാണു മുയിസു അധികാരത്തിലെത്തിയത്. ഇന്ത്യന്‍ സേനയെ ദ്വീപില്‍നിന്ന് ഒഴിപ്പിക്കുമെന്ന് അധികാരത്തില്‍ എത്തിയതിനു പിന്നാലെ മുയിസു പ്രഖ്യാപിച്ചു. ഈ വര്‍ഷം മേയിലാണ് ഇന്ത്യന്‍ സൈനികര്‍ മാലിദ്വീപില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങിയത്.
മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ ചിത്രങ്ങളെച്ചൊല്ലി മാലിദ്വീപിലെ മന്ത്രിമാര്‍ ഇന്ത്യയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചത്. സംഭവത്തില്‍ മാലിദ്വീപ് പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പരാമര്‍ശം നടത്തിയ സഹമന്ത്രിമാരെ പിന്നീട് മുയിസു സസ്പെന്‍ഡ് ചെയ്തു. നയതന്ത്ര ബന്ധം മോശമായതിന് പിന്നാലെ മാലിദ്വീപ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ട്. ഈ വര്‍ഷം ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ ഏതാണ്ട് 33 ശതമാനത്തിന്റെ കുറവുണ്ടായതായാണ് മാലിദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ കണക്ക്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y