EBM News Malayalam
Leading Newsportal in Malayalam

തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യപദ്ധതി കേരളത്തിലേക്ക്, വിഴിഞ്ഞത്തെത്തുന്നത് ഇസ്രയേൽ കമ്പനി


തിരുവനന്തപുരം: വിഴിഞ്ഞത്തെ തിരമാലകളിൽ നിന്നും വൈദ്യുതി ഉത്പാ​ദിപ്പിക്കാൻ ഇസ്രയേൽ കമ്പനി എത്തുന്നു. ഇക്കോ വേവ് പവർ ഗ്ലോബൽ എന്ന കമ്പനിയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ടിൽ ഫ്ലോട്ടറുകൾ സ്ഥാപിച്ച് തിരമാലകളിൽ നിന്ന് വൈദ്യതി ഉത്പാദിപ്പിക്കാനുള്ല പദ്ധതിയുമായി എത്തിയിരിക്കുന്നത്.

ഇതു സംബന്ധിച്ച് അദാനി തുറമുഖ അധികൃതരുമായി പ്രാഥമിക ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ടെൽ അവീവ് ആസ്ഥാനമായ കമ്പനി വ്യക്തമാക്കി. സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് ഇക്കോ വേവ് പവർ ഗ്ലോബൽ കമ്പനി വിഴിഞ്ഞത്ത് നടപ്പാക്കാനൊരുങ്ങുന്നത്.ലോകത്താകെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഇരട്ടിയിലേറെ തിരമാലകളുടെ ശക്തിയിൽനിന്ന് ഉത്പാദിപ്പിക്കാനാകുമെന്നാണ് ലോക ഊർജ കൗൺസിലിന്റെ കണക്ക്.

ആദ്യഘട്ടത്തിൽ പുലിമുട്ടിന്റെ 980 മീറ്റർ നീളത്തിൽ ഫ്ലോട്ടറുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. നടപ്പാവുകയാണെങ്കിൽ തിരമാലയിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ പദ്ധതിയാകും വിഴിഞ്ഞത്തേത്. കഴിഞ്ഞ ഓഗസ്റ്റിൽ ടെൽ അവീവിലെ ജാഫാ തുറമുഖത്ത് തിരമാലകളെ ആശ്രയിച്ച് ഉത്പാദിപ്പിക്കുന്ന 100 കിലോവാട്ട് വൈദ്യുതനിലയം ഇക്കോ വേവ് പവർ ഗ്ലോബൽ തുറന്നിരുന്നു.

യൂറോപ്യൻ തീരപ്രദേശമായ ജിബ്രാൾട്ടറിലാണ് ഈ സാങ്കേതികവിദ്യയിൽ ലോകത്തെ ആദ്യ വൈദ്യുതനിലയം സ്ഥാപിച്ചത്. തീരപ്രദേശത്തോടുചേർന്ന് ഇത്തരത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ പല പരീക്ഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും പലതും ഫലവത്തായിരുന്നില്ല.

തീരത്തോടടുക്കുമ്പോൾ തീരമാലകൾക്ക് ശക്തിവർധിക്കുന്നതാണ് പ്രധാന പ്രതിസന്ധി. 30 വർഷംമുൻപ്‌ വിഴിഞ്ഞം തീരത്ത്‌ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച നിലയം അധികംവൈകാതെ നാശംനേരിട്ടിരുന്നു. എന്നാൽ ഇതിനെയൊക്കെ മറികടക്കുന്ന ആധുനിക രീതി അവലംബിക്കാനാണ് കമ്പനിയുടെ നീക്കം.

 

 



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y