ഡൽഹി: ദില്ലി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ഇന്ന് ജയിൽ മോചിതനാകാനില്ല. കെജ്‍രിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള റോസ് അവന്യു കോടതിയുടെ ഉത്തരവിൽ സ്റ്റേ തുടരും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപ്പീലിലിൽ ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ ഉത്തരവ് വരും വരെ വിചാരണ കോടതി ഉത്തരവ് നടപ്പാക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന് കെജ്‍രിവാളിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന അപേക്ഷയിൽ രണ്ടോ മൂന്നോ ദിവസത്തിനകം ഉത്തരവ് പറയാമെന്ന് കോടതി അറിയിച്ചു. അതേസമയം നീതിയെ പരിഹസിക്കുന്നതാണ് സ്റ്റേ എന്ന് കെജ്‍രിവാളിൻ്റെ അഭിഭാഷകൻ പ്രതികരിച്ചു.
ജാമ്യം നൽകിയത് സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി ഇഡി ഹര്‍ജിയിൽ വിധി പറയാൻ രണ്ട് മൂന്ന് ദിവസം സമയം വേണമെന്ന് പറഞ്ഞു. കേസ് ഈ മാസം 25 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു. ഇതോടെയാണ് ജയിൽ മോചനം വൈകുന്നത്. വിധി പറയുന്നത് വരെ കെജ്രിവാളിന്‍റെ ജാമ്യം തത്കാലത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി തുടരും.
അറസ്റ്റിലായി 91 ദിവസത്തിന് ശേഷമാണ് ഡൽഹി മുഖ്യമന്ത്രിക്ക് ഇന്നലെ ജാമ്യം ലഭിച്ചത്. മദ്യ നയക്കേസ് പരിഗണിക്കുന്ന റൗസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. വിചാരണ കോടതി നടപടി സത്യത്തിന്റെ വിജയമാണെന്ന് എഎപി നേതാക്കൾ പ്രതികരിച്ചിരുന്നു. രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുമ്പോഴാണ് കെജ്രിവാൾ പുറത്തിറങ്ങുന്നതെന്നും എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞെങ്കിലും ദില്ലി ഹൈക്കോടതി വിധി സ്റ്റേ ചെയ്തത് ദില്ലി മുഖ്യമന്ത്രിക്കും എഎപിക്കും തിരിച്ചടിയായി.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y