ഐസ്ക്രീമില് നിന്ന് വിരലിന്റെ കഷ്ണം കണ്ടെടുത്ത സംഭവത്തില്‍ വഴിത്തിരിവ്, വിരല്‍ ഫാക്ടറിയിലെ ജീവനക്കാരന്റേതെന്ന് സംശയം
മുംബൈ : ഐസ്ക്രീമില് നിന്ന് വിരലിന്റെ കഷ്ണം കണ്ടെടുത്ത സംഭവത്തില്‍ പുതിയ കണ്ടെത്തലുമായി പൊലീസ്. പൂനെയിലെ ഫാക്ടറിയിലുള്ള ജീവനക്കാരന്റെ വിരലാണ് ഐസ്ക്രീമില് നിന്ന് ലഭിച്ചതെന്നാണ് പൊലീസ് നിഗമനം. അടുത്തിടെ ഫാക്ടറിയിലെ ഒരു ജീവനക്കാരന്റെ വിരലിന് പരിക്കേറ്റതായി പൊലീസ് കണ്ടെത്തിയിരുന്നു. പരിക്കേറ്റ തൊഴിലാളിയുടെ വിരലാണോ ഐസ്ക്രീമില് കണ്ടെത്തിയതെന്നറിയാന്‍ ഫൊറന്‍സിക് വിഭാഗത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. സംഘം ഡിഎന്‍എ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ്.
ഐസ്ക്രീമില് നിന്ന് വിരല്‍ കണ്ടെത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസ്ക്രീം കമ്പനിയുടെ ലൈസന്‍സ് എഫ്എസ്എസ്എഐ സസ്പെന്‍ഡ് ചെയ്തിരുന്നു. എഫ്എസ്എസ്എഐ അംഗങ്ങള്‍ ഫാക്ടറി സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു നടപടി.
കഴിഞ്ഞ ദിവസമാണ് മുംബൈയിലെ മലാഡിലുള്ള യുവഡോക്ടര്‍ക്ക് ഐസ്ക്രീമില് നിന്ന് വിരല്‍ ലഭിച്ചത്. ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വഴി ഓര്‍ഡര്‍ ചെയ്ത മൂന്ന് ഐസ്ക്രീമുകളില്‍ ഒന്നിലായിരുന്നു മനുഷ്യവിരല്‍.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y