EBM News Malayalam
Leading Newsportal in Malayalam

നീറ്റ് പരീക്ഷ ഒഴിവാക്കണമെന്നാവര്‍ത്തിച്ച് എം.കെ സ്റ്റാലിന്‍


 

ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് ആവര്‍ത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വ്യാപക ക്രമക്കേടും അഴിമതിയും ഇത്തവണ പരീക്ഷയില്‍ നടന്നുവെന്നും തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയില്‍ തോറ്റ നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. ഗുജറാത്ത് പൊലീസ് നീറ്റ് പരീക്ഷയിലെ ക്രമക്കേടില്‍ കേസെടുത്തു. വിദ്യാര്‍ത്ഥി വിരുദ്ധമാണ് നീറ്റ് പരീക്ഷയെന്നും എം കെ സ്റ്റാലിന്‍ വിമര്‍ശിച്ചു.

നീറ്റ് പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. രണ്ടിടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നെന്ന വിവരം ലഭിച്ചു. അന്വേഷണം തുടരുകയാണ്. കുറ്റക്കാരെ വെറുതെ വിടില്ലെന്നും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

നീറ്റ് പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന കണ്ടെത്തലോടെ പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ധര്‍മേന്ദ്രപ്രധാന് നിവേദനം നല്‍കിയിരുന്നു. ഹര്‍ജികളില്‍ സുപ്രീംകോടതി എന്‍ടിഎയ്ക്കും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയയ്ക്കുകയും ചെയ്തു. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട മറ്റു ഹര്‍ജികള്‍ക്കൊപ്പം അടുത്തമാസം എട്ടിനാണ് കേസ് വീണ്ടും പരിഗണിക്കുക. കോട്ട കോച്ചിങ് സെന്ററില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതിന് കാരണം നീറ്റ്-യു.ജി ഫലങ്ങളല്ലെന്നും സി.ബി.ഐ അന്വേഷണത്തിനായി വൈകാരിക വാദങ്ങള്‍ ഹരജിക്കാര്‍ ഉന്നയിക്കരുതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y