EBM News Malayalam
Leading Newsportal in Malayalam

കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി, ഒപ്പം പദ്മജയും


തൃശൂർ: കേന്ദ്ര സഹമന്ത്രിയും തൃശ്ശൂരിൽ നിന്നുള്ള ലോക്സഭാം​​ഗവുമായ സുരേഷ് ​ഗോപി കോൺ​ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരൻറെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കരുണാകരനെ കേരളത്തിൽ കോൺഗ്രസിന്റെ പിതാവായാണ് താൻ കാണുന്നതെന്നും സുരേഷ് ​ഗോപി പറഞ്ഞു. മാനസപുത്രൻ എന്നു തന്നെയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ള വാക്ക് എന്നും സുരേഷ്​ഗോപി പറഞ്ഞു.

മുരളീ മന്ദിരത്തിലെത്തിയ സുരേഷ് ഗോപി പത്മജ വേണുഗോപാലിനൊപ്പമാണ് കരുണാകരൻറെ സ്മൃതി മണ്ഡപത്തിൽ എത്തിയത്. സന്ദർശനത്തിനു രാഷ്ട്രീയ മാനമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

‘ലീഡർ കരുണാകരനെ കേരളത്തിൽ കോൺഗ്രസിന്റെ പിതാവായാണ് ഞാൻ കാണുന്നത്. ഇന്ദിരാ ഗാന്ധിയെ ഭാരതത്തിന്റെ മാതാവായി കാണുന്നതുപോലെ. അദ്ദേഹത്തിന്റെ മുൻഗാമികളോടുള്ള അപമര്യാദയല്ല. പക്ഷേ എന്റെ തലമുറയിലെ ഏറ്റവും ധീരനായ ഒരു ഭരണകർത്താവ് എന്ന നിലയ്ക്ക് ആരാധന ആ വ്യക്തിയോടാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കകക്ഷിയോട് അതുകൊണ്ടു തന്നെ ചെറിയ ഒരു ഇഷ്ടമുണ്ടാകും. മാനസപുത്രൻ എന്നു തന്നെയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ള വാക്ക്. അതിനു മര്യാദയായാണ് രാഷ്ട്രീയമില്ലാതെ തന്നെ ഇവിടെ എത്തിയത്. അതിനുള്ള ചോദ്യങ്ങളൊന്നുമില്ല, അതിനുള്ള ഉത്തരങ്ങളും എന്റെ കയ്യിൽ ഇല്ല’, സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ സുരേഷ് ​ഗോപി മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇ കെ നായനാരുടെ വീടും സന്ദർശിച്ചിരുന്നു. നായനാരുടെ ഭാര്യ ശാരദ ടീച്ചറിന്റെ കാൽതൊട്ടു വന്ദിച്ച് അനുഗ്രഹം തേടുകയും ചെയ്തു. നായനാരെ കുറിച്ചുള്ള ടീച്ചറുടെ ഓർമ്മക്കുറിപ്പുകൾ ‘പ്രിയ സഖാവ്’ സുരേഷ് ഗോപിക്ക് നൽകി. പുസ്‌തകം വായിച്ച് അഭിപ്രായം അറിയിക്കണം – ടീച്ചർ ആവശ്യപ്പെട്ടു. ഉച്ചഭക്ഷണം കഴിച്ചാണ് സുരേഷ് മടങ്ങിയത്.

നായനാരോട് ഏറെ അടുപ്പമായിരുന്നു സുരേഷ് ഗോപിക്ക്. പലപ്രാവശ്യം വീട്ടിൽ വന്നിട്ടുണ്ട്. ഭക്ഷണം കഴിച്ചിട്ടുണ്ട്. കണ്ണൂരിൽ എത്തുമ്പോൾ വിളിച്ച് പറയും അമ്മാ ഭക്ഷണം വേണമെന്ന്. ഇപ്പോൾ പഴയ സുരേഷല്ലല്ലോ. ഒരുപാട് തിരക്കുണ്ട്. എന്നിട്ടും വന്നതിൽ വളരെ സന്തോഷം. രാഷ്ട്രീയം വേറെയാണെന്നേ ഉള്ളൂ, ജനങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്ന ആളാണ് – ശാരദ ടീച്ചർ പറഞ്ഞു.കോഴിക്കോട്ടെ തളി ക്ഷേത്രം, കണ്ണൂർ പഴയങ്ങാടിയിലെ മാടായി കാവ്, പറശിനിക്കടവ് എന്നിവിടങ്ങളിൽ ദർശനത്തിന് ശേഷമാണ് ശാരദ ടീച്ചറെ കാണാനെത്തിയത്. പിന്നീട് പയ്യാമ്പലത്തെ മാരാർജി സ്മൃതി മണ്ഡപം സന്ദർശിച്ചു. വൈകിട്ട് കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തി



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y