EBM News Malayalam
Leading Newsportal in Malayalam

48 ഡിഗ്രി സെല്‍ഷ്യസ്, ഇന്ത്യയിലെ ഈ വര്‍ഷത്തെ റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയത് ഇവിടെ


ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മറില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു. രാജ്യത്ത് ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. ന്യൂഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മെയ് 26 വരെ ശക്തമായ ഉഷ്ണതരംഗം തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ഡല്‍ഹിയിലെ പരമാവധി താപനില ഇന്ന് 43.4 ഡിഗ്രി സെല്‍ഷ്യസായി ഉയരാന്‍ സാധ്യതയുണ്ട്. ശരാശരി താപനിലയില്‍ നിന്ന് മൂന്ന് ഡിഗ്രി വര്‍ദ്ധനയാണുണ്ടാവുക. കുറഞ്ഞ താപനില 30.9 ഡിഗ്രി ആയിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദില്ലി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 24 സ്ഥലങ്ങളില്‍ ഇന്നലെ പരമാവധി താപനില 45 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ രേഖപ്പെടുത്തി.

ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ബാര്‍മറിലാണെങ്കില്‍ രണ്ടാമതുള്ളത് ഹരിയാനയിലെ സിര്‍സയാണ്- 47.7 ഡിഗ്രി സെല്‍ഷ്യസ്. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ 46.6 ഡിഗ്രി, ഗുജറാത്തിലെ കണ്ട്ലയില്‍ 46.1 ഡിഗ്രി, മധ്യപ്രദേശിലെ രത്ലാമിലും ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലും 45 ഡിഗ്രി, മഹാരാഷ്ട്രയിലെ അകോലയില്‍ 44.8 ഡിഗ്രി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കൂടിയ താപനില. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശിന്റെ വടക്കുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y