പാകിസ്ഥാനെ വിവരം അറിയിച്ചതിനു ശേഷമാണ് ബാലാക്കോട്ട് ആ ദിവസം രാത്രി എന്താണു സംഭവിച്ചതെന്ന് ലോകത്തോടു പറഞ്ഞത്: മോദി
പാകിസ്ഥാനെ വിവരം അറിയിച്ചതിനു ശേഷമാണ് ബാലക്കോട്ട് ആക്രമണദിവസം രാത്രി എന്താണു സംഭവിച്ചതെന്ന് ലോകത്തോടു പറഞ്ഞത്: മോദി
ന്യൂഡല്‍ഹി: 2019ലെ ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് ലോകത്തെ അറിയിക്കും മുന്‍പ് താന്‍ പാകിസ്ഥാനെ അറിയിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു പുതിയ ഭാരതമാണെന്നും നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ അവരുടെ മടയില്‍ കയറി കൊല്ലുമെന്നും മോദി പറഞ്ഞു. കര്‍ണാടകയിലെ ബഗല്‍കോട്ടില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘പിന്നില്‍ നിന്ന് ആക്രമിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. മുഖത്തോടു മുഖം പോരാടുകയാണ് ചെയ്യുന്നത്. ആക്രമണ വിവരം മാധ്യമങ്ങളെ അറിയിക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു. രാത്രി നടന്ന വ്യോമാക്രമണത്തെക്കുറിച്ച് അതിനു മുന്‍പ് പാകിസ്ഥാനെ ടെലിഫോണില്‍ അറിയിക്കാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അവരെ ഫോണില്‍ കിട്ടിയില്ല. തുടര്‍ന്ന് സൈന്യത്തോടു കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. പാകിസ്ഥാനെ വിവരം അറിയിച്ചതിനു ശേഷമാണ് ബാലക്കോട്ട് ആക്രമണദിവസം രാത്രി എന്താണു സംഭവിച്ചതെന്നു ലോകത്തോടു പറഞ്ഞത്. ഞാന്‍ ഒരിക്കലും ഒന്നും ഒളിച്ചു വയ്ക്കാറില്ല. ഇതു പുതിയ ഭാരതമാണ്. നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ അവരുടെ മടയില്‍ കയറി കൊല്ലും’ -മോദി പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി 2019 ഫെബ്രുവരി 26നാണ് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ ബാലാക്കോട്ടിലെ ജയ്ഷെ മുഹമ്മദ് പരിശീലന കേന്ദ്രങ്ങള്‍ക്കു നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. നിരവധി ഭീകരരും പരിശീലകരും മുതിര്‍ന്ന ജയ്ഷെ കമാന്‍ഡര്‍മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും ഇന്ത്യ അറിയിച്ചിരുന്നു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y