ന്യൂഡല്‍ഹി:യമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ക്കായി അമ്മ പ്രേമകുമാരി യെമനില്‍ എത്തി. ഇന്നലെ രാത്രിയാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവല്‍ ജെറോമും യെമനില്‍ എത്തിയത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചര്‍ച്ചകള്‍ ഉടന്‍ നടക്കും. ജയിലിലുള്ള നിമിഷ പ്രിയയെയും അമ്മ കാണുമെന്നും അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രന്‍ അറിയിച്ചു. മോചനത്തിനായുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാനാണ് അമ്മ യെമനില്‍ എത്തിയത്.
സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുള്‍ റഹീമിനുളള ദയാധനമായ 34 കോടി സ്വരൂപിക്കാന്‍ വേണ്ടി കൈകോര്‍ത്ത മലയാളികള്‍ നിമിഷ പ്രിയയെയും സഹായിക്കണമെന്നാണ് യെമനിലേക്ക് പോകുന്നതിന് മുമ്പ് പ്രേമകുമാരി പ്രതികരിച്ചത്. ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മകളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി. ഇന്നലെ പുലര്‍ച്ചെ മുംബൈയിലെത്തിയ പ്രേമകുമാരി വൈകീട്ട് അഞ്ചുമണിക്കാണ് യമനിലേക്ക് പുറപ്പെട്ടത്. മകളെ കാണാനും യെമന്‍ ജനതയോട് മാപ്പ് പറയാനും വേണ്ടിയാണ് ഈ യാത്രയെന്ന് പ്രേമകുമാരി പറഞ്ഞു.
ഇരുവരുടേയും യെമനിലെ യാത്ര വിവരങ്ങള്‍ ജിബൂട്ടിയിലെ ഇന്ത്യന്‍ എംബസി അന്വേഷിച്ചു. യെമനിലെത്തിയ ശേഷം കരമാര്‍ഗം സനയിലേക്ക് പോകും. ജയിലിലെത്തി നിമിഷ പ്രിയയെ സന്ദര്‍ശിച്ച ശേഷം ഗോത്ര നേതാക്കളെയും യെമന്‍ പൗരന്റെ കുടുംബത്തെയും സന്ദര്‍ശിക്കും. ഇതുവരെ നടന്ന ചര്‍ച്ചകളില്‍ നിമിഷ പ്രിയയുടെ കുടുംബത്തിനും ആക്ഷന്‍ കൗണ്‍സിലിനും പ്രതീക്ഷയുണ്ട്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y