മദ്യത്തിനും മയക്കുമരുന്നിനുമായി പണം ആവശ്യപ്പെട്ട് വീട്ടില്‍ കലഹം: ബിബിഎ വിദ്യാര്‍ത്ഥിയായ മകനെ കൊലപ്പെടുത്തി പിതാവ്
ബെംഗളൂരു: മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മകനെ കൊലപ്പെടുത്തി പിതാവ്. മദ്യത്തിനും ലഹരി വസ്തുക്കള്‍ക്കുമായി നിരന്തരം പണം ആവശ്യപ്പെടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് കൊലപാതകം നടന്നത്. മകന്റെ മരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയാണ് 45കാരനായ പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മകന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നത്. ബുധനാഴ്ച രാത്രി വൈകിയാണ് പ്രകാശ് മകന്‍ യോഗേഷിനെ ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ യോഗേഷിന്റെ മരണം സ്ഥിരീകരിക്കാന്‍ മാത്രമാണ് ആശുപത്രി ജീവനക്കാര്‍ക്ക് സാധിച്ചത്.
പാനിപൂരി വില്‍പനക്കാരനായ പ്രകാശിന്റെ മൊഴിയില്‍ സംശയം തോന്നിയിരുന്നുവെങ്കിലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പൊലീസ് പ്രകാശിനെ അറസ്റ്റ് ചെയ്തത്. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. ബെംഗളുരുവിലെ സ്വകാര്യ കോളേജിലെ ബിബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു യോഗേഷ്. ലഹരിക്ക് അടിമയായ യോഗേഷ് മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ട് പ്രകാശുമായി തര്‍ക്കത്തിലേര്‍പ്പെടുക പതിവായിരുന്നു.
പാനിപൂരി കച്ചവടത്തില്‍ നിന്നുള്ള പണം കൊണ്ട് കുടുംബത്തിന്റെ സമാധാനം നഷ്ടമാകാന്‍ ഈ തര്‍ക്കങ്ങള്‍ കാരണമായിരുന്നു. ബുധനാഴ്ച വൈകുന്നേരം വീട്ടിലെത്തിയ യോഗേഷ് പണം ആവശ്യപ്പെട്ട് ശല്യം തുടങ്ങി. മദ്യപിക്കാന്‍ പണം നല്‍കില്ലെന്ന് പ്രകാശ് വിശദമാക്കിയതോടെ യോഗേഷ് കയ്യേറ്റത്തിനുള്ള ശ്രമമായി. ഇതിനിടെ പ്രകാശ് യോഗേഷിന്റ മുഖത്തടിച്ചു. അടിയേറ്റ് നിലത്ത് വീണ മകനെ പ്രകാശ് ശ്വാസംമുട്ടിച്ച് കൊല്ലുകയും രാത്രിയോടെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
എന്നാല്‍ ആശുപത്രിയില്‍ മകന്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രകാശ് പറഞ്ഞത്. ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് എത്തിയ പൊലീസിനോടും ഇതു തന്നെയായിരുന്നു പ്രകാശ് ആവര്‍ത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y