EBM News Malayalam
Leading Newsportal in Malayalam

ലക്ഷദ്വീപിനെ വലിയ നാവിക താവളമായി വികസിപ്പിക്കാന്‍ നീക്കം, ഐഎന്‍എസ് ജടായു എന്ന പുതിയ ബേസ് അടുത്തയാഴ്ച കമ്മീഷന്‍ ചെയ്യും


കൊച്ചി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിരീക്ഷണവും സുരക്ഷയും ഉറപ്പാക്കാന്‍ നാവികസേനയുടെ നിര്‍ണായക നീക്കം. ലക്ഷദ്വീപില്‍ ഐഎന്‍എസ് ജടായു എന്ന പുതിയ ബേസ് അടുത്തയാഴ്ച കമ്മീഷന്‍ ചെയ്യും. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലാണ് ഐഎന്‍എസ് ജടായു നാവികസേന കമ്മീഷന്‍ ചെയ്യുന്നത്. തുടക്കത്തില്‍ കുറച്ച് ഉദ്യോഗസ്ഥര്‍ മാത്രമടങ്ങുന്ന യൂണിറ്റാകും പ്രവര്‍ത്തിക്കുക. ഇതിന് ശേഷം ഒരു വലിയ നാവിക താവളമായി വികസിപ്പിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. അടുത്തയാഴ്ച ഐഎന്‍എസ് വിക്രാന്ത്, വിക്രമാദിത്യ എന്നീ കപ്പലുകളില്‍ നടക്കുന്ന കമാന്‍ഡര്‍മാരുടെ കോണ്‍ഫറന്‍സ് പ്ലാനിനിടെ പുതിയ ബേസ് കമ്മീഷന്‍ ചെയ്യാന്‍ നാവികസേന പദ്ധതിയിടുന്നുണ്ട്.

കിഴക്ക് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് പ്രദേശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഐഎന്‍എസ് ബേസിന് സമാനമായ ശേഷി അറബിക്കടലില്‍ ഈ ബേസ് നല്‍കും. നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ, ഐഎന്‍എസ് വിക്രാന്ത് എന്നിവ ലക്ഷദ്വീപിന് സമീപം പ്രവര്‍ത്തിക്കും. ഐഎന്‍എസ് വിക്രമാദിത്യയ്ക്കൊപ്പം ഇരട്ട കാരിയര്‍ ഓപ്പറേഷനില്‍ ഐഎന്‍എസ് വിക്രാന്ത് പങ്കെടുക്കുന്നത് ഇതാദ്യമാണ്. മാര്‍ച്ച് ആദ്യവാരം നടക്കുന്ന ചടങ്ങില്‍ എംഎച്ച് 60 ഹെലികോപ്റ്ററുകള്‍ കമ്മീഷന്‍ ചെയ്യാനും നാവികസേന ആലോചിക്കുന്നുണ്ട്.