ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയവർ നിരവധിയാണ്. ഇപ്പോഴിതാ എവറസ്റ്റ് കീഴടക്കാൻ എത്തുന്ന പർവ്വതാരോഹകർക്ക് പുതിയ നിബന്ധനയുമായി എത്തിയിരിക്കുകയാണ് നേപ്പാൾ. പർവ്വതാരോഹകർ നിർബന്ധമായും ട്രാക്കിംഗ് ചിപ്പുകൾ ഉപയോഗിക്കണമെന്ന് നേപ്പാൾ അറിയിച്ചു. 2024-ലെ പർവ്വതാരോഹക സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായാണ് പുതിയ നിബന്ധന പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ, ചില സ്വകാര്യ കമ്പനികൾ മുഖേന എത്തുന്ന പർവ്വതാരോഹകർ ട്രാക്കിംഗ് ചിപ്പുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇനി മുതൽ മുഴുവൻ ആളുകളും ഇവ ഉപയോഗിക്കേണ്ടതാണ്.
പർവ്വതാരോഹകർക്ക് അപകടം ഉണ്ടാവുകയോ വഴി തെറ്റുകയോ ചെയ്താൽ ഇത്തരം ചിപ്പുകളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം സുഗമമാക്കാനാണ് ലക്ഷ്യമിടുന്നത്. ചിപ്പുകൾ വാടകയ്ക്കും ലഭ്യമാകുന്നതാണ്. 10 ഡോളർ മുതൽ 15 ഡോളർ വരെയാണ് ചിപ്പുകളുടെ നിരക്ക്. ഇവ ജാക്കറ്റിനോട് തുന്നി ചേർക്കേണ്ടതാണ്. സഞ്ചാരി തിരികെ എത്തുമ്പോൾ ചിപ്പ് സർക്കാറിന് തിരിച്ചേൽപ്പിക്കണം. ജിപിഎസ് ഉപയോഗിച്ചാണ് സഞ്ചാരികളുടെ പാത ട്രാക്ക് ചെയ്യുക. എവറസ്റ്റ് കീഴടക്കാൻ എത്തുന്ന ഭൂരിഭാഗം ആളുകളും നേപ്പാളിലൂടെയാണ് പർവ്വതാരോഹണം നടത്തുന്നത്. ഇതിനായി 11000 ഡോളറാണ് പെർമിറ്റ് ഫീസായി നൽകേണ്ടത്.