EBM News Malayalam
Leading Newsportal in Malayalam

ഒരുഘട്ടത്തിൽ താൻ വിഷാദത്തിലൂടെ കടന്നുപോയി: തുറന്നു പറച്ചിലുമായി രാഷ്ട്രപതി


ന്യൂഡൽഹി: ഒരുഘട്ടത്തിൽ താൻ വിഷാദത്തിലൂടെ കടന്നുപോയെന്ന് തുറന്നു പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുർമു. ഓൾ ഇന്ത്യ റേഡിയോക്കു നൽകിയ അഭിമുഖത്തിലാണ് രാഷ്ട്രപതി താൻ കടന്നുപോയ അവസ്ഥയെ കുറിച്ച് വിവരിച്ചത്. ഭർത്താവിന്റെയും രണ്ടു മക്കളുടെയും വിയോഗത്തെ കുറിച്ചും രാഷ്ട്രപതി സംസാരിച്ചു.

താൻ ഒരുഘട്ടത്തിൽ വിഷാദത്തിലൂടെ കടന്നുപോയിരുന്നു. ആ സമയം, ചിലർ യോഗ നിർദേശിച്ചിരുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ മെഡിറ്റേറ്റ് ചെയ്തു തുടങ്ങിയിരുന്നു. മനസ്സ് അലസമായിരിക്കുമ്പോഴാണ് നെഗറ്റിവിറ്റി കീഴടക്കുന്നത്. നെഗറ്റിവിറ്റിയിൽ നിന്നു വിട്ടുനിൽക്കാൻ ജോലിസ്ഥലത്ത് സമയം ചെലവഴിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വ്യക്തിപരമായി തോന്നുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

ദ്രൗപദി മുർമുവിന്റെ മകൻ 2009-ലാണ് മരിക്കുന്നത്. മൂന്നുവർഷങ്ങൾക്ക് ശേഷം മറ്റൊരു മകൻ അപകടത്തിലും മരണപ്പെട്ടു. 2014-ൽ ഭർത്താവ് ഹൃദയാഘാതം കാരണം മരിച്ചു. ജീവിതത്തിൽ തുടർച്ചയായുണ്ടായ അത്യാഹിതങ്ങളാണ് ദ്രൗപദി മുർമുവിനെ വിഷാദത്തിലാഴ്ത്തിയത്.

പഠനത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് മനസിലാക്കി തന്നത് മുത്തശ്ശിയാണ്. അതാണ് നേട്ടങ്ങൾ കീഴടക്കാൻ തനിക്ക് തുണയായത്. ഗ്രാമത്തിൽ ജനിച്ചുവളർന്ന താൻ ഒരിക്കലും പ്രസിഡന്റ് ആകുമെന്ന് കരുതിയിരുന്നില്ലെന്നും ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.