ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യയിൽ നിന്ന് വൻ സ്വീകാര്യത നേടിയെടുത്തവയാണ് യുപിഐ പേയ്മെന്റ് സംവിധാനങ്ങൾ. ഇന്ത്യയ്ക്ക് പുറമേ, ഇന്ന് മറ്റ് രാജ്യങ്ങളിൽ നിന്നും യുപിഐ ഇടപാടുകൾ നടത്താനാകും. ഇപ്പോഴിതാ, യുപിഐ സേവനം ലഭ്യമാകുന്ന വിദേശരാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, യുഎഇ അടക്കം 7 രാജ്യങ്ങളിലാണ് യുപിഐ സേവനം ലഭിക്കുക. പ്രവാസികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ നടപടി.
ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനം ആരംഭിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ പട്ടിക പുറത്തുവിട്ടത്. നിലവിൽ, ഫ്രാൻസ്, യുഎഇ, ശ്രീലങ്ക, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ് എന്നീ 7 രാജ്യങ്ങളിലാണ് യുപിഐ സേവനം എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ പോലും വളരെ പെട്ടെന്ന് ശ്രദ്ധ നേടാൻ യുപിഐ സേവനങ്ങൾക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് പ്രവാസികൾക്ക് യുപിഐ സേവനം ലഭിക്കുന്നതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.