45 ദിവസത്തെ പരിശീലനം, പ്രതിമാസ ശമ്പളം 25000 രൂപ! ചെയ്യേണ്ടത് ഈ ജോലി, രണ്ടംഗ സംഘം ക്രൈംബ്രാഞ്ചിന്റെ പിടിയിൽ
അഹമ്മദാബാദ്: മൊബൈൽ ഫോണുകൾ മോഷ്ടിക്കാൻ പ്രതിമാസം 25000 രൂപ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന രണ്ട് യുവാക്കൾ പിടിയിൽ. അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ചാണ് രണ്ടംഗ സംഘത്തിനെ അറസ്റ്റ് ചെയ്തത്. സൂറത്തിൽ താമസിക്കുന്ന അവിനാഷ് മഹാതോ (19), ശ്യാം കുർമി (26) എന്നീ യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കായി ക്രൈംബ്രാഞ്ച് വല വിരിച്ചത്.
അവിനാഷും ശ്യാമ ജാർഖണ്ഡിൽ കൂലിപ്പണിക്കാരാണ്. അവിനാഷിന്റെ ജ്യേഷ്ഠൻ പിന്റു മഹാതോയും, രാഹുൽ മഹാതോയും ഗുജറാത്തിൽ മൊബൈൽ മോഷണത്തിൽ ഏർപ്പെട്ടിരുന്നു. ഇവർ രണ്ട് പേരുമാണ് അവിനാഷിനെയും ശ്യാമിനെയും മോഷണ രംഗത്തേക്ക് കൊണ്ടുവന്നത്. 45 ദിവസത്തെ പരിശീലനത്തിനു ശേഷം പ്രതിമാസം 25000 രൂപ ശമ്പളമായി നൽകാമെന്ന് പറഞ്ഞാണ് ഇവരെ ഈ മേഖലയിലേക്ക് കൊണ്ടുവന്നത്. മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ അൺലോക്ക് ചെയ്ത് നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും അയക്കുകയാണ് പതിവ്.
രണ്ട് പേരടങ്ങുന്ന സംഘങ്ങളായി ആളുകൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിൽ ഒരാൾ ബാഗുമായി ദൂരെ നിൽക്കും. ഒരു ടീം അംഗം ഒരു ഫോൺ എടുത്ത് രണ്ടാമത്തെയാൾക്ക് കൈമാറും. രണ്ടാമൻ ബാഗുമായി ആൾക്കൂട്ടത്തിലേക്ക് പോകും. ആരെങ്കിലും പിടിക്കപ്പെട്ടാൽ മറ്റുള്ളവർ ഓടി രക്ഷപ്പെടും. ഇങ്ങനെയാണ് മോഷണത്തിന്റെ രീതി. ശ്യാമിൽ നിന്നും അവനാഷിൽ നിന്നും 29 ഐഫോണുകളും, 58 മൊബൈൽ ഫോണുകളും, 9 വൺപ്ലസ് ഫോണുകളുമാണ് പിടിച്ചെടുത്തത്.