EBM News Malayalam
Leading Newsportal in Malayalam

നിങ്ങൾ കാരണം ഞങ്ങളുടെ ഒരുവർഷം പോയി: സമരക്കാരായ ഗുസ്തിതാരങ്ങൾക്കെതിരെ ജൂനിയര്‍ താരങ്ങള്‍, ജന്തർമന്തറിൽ നാടകീയ സംഭവങ്ങള്‍


ന്യൂഡല്‍ഹി: പ്രമുഖ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്‌റങ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ക്കെതിരെ പ്രതിഷേധവുമായി ജൂനിയര്‍ താരങ്ങള്‍. ജന്തര്‍മന്തറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തങ്ങളുടെ കരിയറിലെ നിര്‍ണായകമായ ഒരു വര്‍ഷം മുതിര്‍ന്ന താരങ്ങള്‍ കാരണം നഷ്ടമായെന്നാണ് ആരോപണം.

ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് നൂറോളം താരങ്ങള്‍ പ്രതിഷേധവുമായി ജന്തര്‍മന്തറിലെത്തിയത്. ഈ മൂന്ന് താരങ്ങളില്‍ നിന്ന് ഗുസ്തിയെ സംരക്ഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

അതേസമയം, തനിക്കും വിനേഷ് ഫോഗട്ടിനും ബജ്‌റങ് പുനിയയ്ക്കുമെതിരെയുള്ള ജൂനിയര്‍ താരങ്ങളുടെ പ്രതിഷേധം വ്യക്തമായ പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നായിരുന്നു സാക്ഷി മാലികിന്റെ പ്രതികരണം. ബ്രിജ് ഭൂഷണിനു വേണ്ടി ഒരു ഐ.ടി. സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രതിഷേധക്കാര്‍ ബ്രിജ് ഭൂഷണിന്റെയാളുകളാണെന്നും സാക്ഷി മാലിക് പറഞ്ഞു.