ടണലില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാദൗത്യം അവസാനഘട്ടത്തില്‍ | utharakhand, tunnel rescue, Latest News, News, India
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ രക്ഷാദൗത്യം അവസാന മണിക്കൂറിലേക്ക്. 10 മീറ്ററോളം പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. സ്റ്റീല്‍ പാളികള്‍ മുറിച്ചുമാറ്റാനുള്ള രക്ഷാദൗത്യ സംഘത്തിന്റെ ശ്രമം തുടരുകയാണ്. 41 തൊഴിലാളികള്‍ ടണലില്‍ കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് ഇത് പന്ത്രണ്ടാം ദിവസമാണ്.
ബുധനാഴ്ച രാത്രി ദൗത്യം വിജയത്തിനരികെ എത്താറായപ്പോള്‍ സ്റ്റീല്‍ റോഡില്‍ ഡ്രില്ലര്‍ ഇടിച്ചുനിന്നതിനെ തുടര്‍ന്ന് ഓഗര്‍ മെഷീന്റെ ബ്ലേഡ് തകാരാറിലായി. ഇതേതുടര്‍ന്ന് ദൗത്യം വീണ്ടും മണിക്കൂറുകള്‍ വൈകി. തടസ്സമുള്ള ഇരുമ്പുഭാഗം എന്‍ഡിആര്‍എഫ് മുറിച്ചു നീക്കുന്നുണ്ട്. ഇതിനുശേഷം പൈപ്പ് ഇടുന്നത് തുടരും.
അതേസമയം, തൊഴിലാളികളെ രക്ഷിക്കാനുള്ള ഒരുക്കങ്ങള്‍ പുറത്ത് പൂര്‍ത്തിയായിരിക്കുകയാണ്. രക്ഷപ്പെടുത്തുന്ന തൊഴിലാളികള്‍ക്കായി 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഉത്തരകാശിയില്‍ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചത്. വൈദ്യപരിശോധന ഇവിടെ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചിന്യാലിസൗറിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.