തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം അതിസങ്കീര്‍ണം, കാത്തിരിപ്പ് നീളും
ഉത്തരാഖണ്ഡ്: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും ഏകദേശം 2-3 ദിവസത്തിനുള്ളില്‍ രക്ഷിക്കാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. തൊഴിലാളികളെ ജീവനോടെ നിലനിര്‍ത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. പ്രത്യേക യന്ത്രങ്ങള്‍ കൊണ്ടുവരാന്‍ ബിആര്‍ഒ വഴി റോഡുകള്‍ നിര്‍മ്മിക്കുന്നുണ്ട്. നിരവധി യന്ത്രങ്ങള്‍ ഇവിടെ എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്താന്‍ രണ്ട് ആഗര്‍ മെഷീനുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഉത്തരാഖണ്ഡിലെത്തിയതായിരുന്നു ഗഡ്കരി.
രക്ഷാപ്രവര്‍ത്തനത്തിന് നാലോ അഞ്ചോ ദിവസം കൂടി വേണ്ടിവരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുന്‍ ഉപദേഷ്ടാവ് ഭാസ്‌കര്‍ ഖുല്‍ബെ നേരത്തെ പറഞ്ഞിരുന്നു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര പാതയുടെ നിര്‍മ്മാണം തുടരുകയാണ്. തുരങ്കത്തിന്റെ പ്രവേശന കവാടത്തില്‍ സുരക്ഷാ ബ്ലോക്കുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.