EBM News Malayalam
Leading Newsportal in Malayalam

ബീഹാർ ജാതി സര്‍വേയില്‍ മുസ്ലീം, യാദവ ജനസംഖ്യ പെരുപ്പിച്ചുകാട്ടിയെന്ന് അമിത് ഷാ; മറുപടിയുമായി തേജസ്വി യാദവ്


നിതീഷ് കുമാർ സർക്കാർ ബീഹാറിലെ ജാതി സർവേയിൽ മുസ്‍ലീങ്ങളുടെയും യാദവരുടെയും എണ്ണം പെരുപ്പിച്ചു കാട്ടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സർവേയിൽ മറ്റു പിന്നാക്ക വിഭാഗങ്ങളുടെ എണ്ണം കുറച്ചുകാണിച്ചെന്നും ഇതു പ്രീണന രാഷ്ട്രീയം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസാഫർപൂരിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.

നിതീഷ് കുമാറിന്റെ ജെഡിയു എൻഡിഎ സഖ്യത്തിന്റെ ഭാഗമായിരിക്കുമ്പോഴാണ് ബീഹാറിൽ ജാതി സർവേ നടത്താൻ തീരുമാനിച്ചത് എന്ന കാര്യവും അമിത് ഷാ ചൂണ്ടിക്കാട്ടി. ജെഡിയുവും ആർജെഡിയും പ്രധാന അംഗങ്ങളായിട്ടുള്ള പ്രതിപക്ഷ സഖ്യത്തെയും അമിത് കടന്നാക്രമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിർക്കുക എന്നത് മാത്രമാണ് ഇവരുടെ ഏക അജണ്ടയെന്നും അദ്ദേഹം ആരോപിച്ചു.

”അടുത്ത പ്രധാനമന്ത്രിയാകുമെന്ന സ്വപ്നം നിതീഷ് കുമാർ ഉപേക്ഷിക്കുന്നതാണ് നല്ലത്. ഇന്ത്യൻ സഖ്യം അദ്ദേഹത്തെ കൺവീനർ പോലും ആക്കിയിയിട്ടില്ല എന്ന കാര്യം ഓർക്കണം”, അമിത് ഷാ പറഞ്ഞു. ബീഹാറിലെ ഗുണ്ടാരാജിന് ഉത്തരവാദി മുഖ്യമന്ത്രി നിതീഷ് കുമാർ ആണെന്നു പറഞ്ഞ അമിത് ഷാ, അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബീഹാറിലെ 40 സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തേജസ്വിയുടെ മറുപടി

ബീഹാറില്‍ നടത്തിയ ജാതി സര്‍വേയിലെ വിവരങ്ങള്‍ തെറ്റാണെങ്കില്‍, എന്തുകൊണ്ട് ദേശീയതലത്തില്‍ ജാതി സെന്‍സസ് നടത്താന്‍ ബിജെപി തയ്യാറാകുന്നില്ലെന്ന് ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ചോദിച്ചു. ആരാണ് ജാതിസെന്‍സസ് നടത്തുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നതെന്നും എന്തുകൊണ്ടാണ് ജാതി സെന്‍സസ് നടത്താത്തതെന്നും തേജസ്വി ചോദിച്ചു. ഒബിസി, എസ്‌സി, എസ്ടി വിഭാഗത്തിൽപ്പെട്ട എല്ലാ കാബിനറ്റ് മന്ത്രിമാരുടെയും പട്ടിക പുറത്തുവിടാനും അദ്ദേഹം അമിത് ഷായെ വെല്ലുവിളിച്ചു.

ജാതി സെൻസസും അതിന്റെ ആവശ്യവും

എണ്ണത്തിലും ശതമാനത്തിലും ഇന്ത്യയിലെ ജനസംഖ്യയെ ജാതി തിരിച്ച് നടത്തുന്ന സർവേയാണ് ജാതി സെൻസസ്. ഇന്ത്യ 1951 മുതൽ 2011 വരെ പട്ടികജാതി പട്ടികവർഗങ്ങളുടെ മാത്രം ജാതി ഡാറ്റ കണക്കാക്കി പ്രസിദ്ധീകരിച്ചിരുന്നു. മുൻ സെൻസസിലെ മതങ്ങൾ, ഭാഷകൾ, സാമൂഹിക-സാമ്പത്തിക സ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റയും അതിലുണ്ട്. ജനസംഖ്യാ സെൻസസ് രാജ്യത്തെ പൗരന്മാർ അനുഭവിക്കുന്ന സാമൂഹിക സാമ്പത്തിക മാറ്റങ്ങൾ മനസിലാക്കാൻ സഹായിക്കുന്ന ഒരു സമ്പൂർണമായ ഡാറ്റാബേസ് ആണ് നൽകുക.

ഇന്ത്യയിലെ അവസാനത്തെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് 1931-ലാണ് നടത്തിയത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ 2011-ൽ സാമൂഹ്യ-സാമ്പത്തിക-ജാതി സെൻസസ് (എസ്ഇസിസി) നടത്തി വിവരങ്ങൾ സമാഹരിച്ചിരുന്നു. അതിലെ ജാതി വിവരങ്ങൾ ഒഴികെയുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.