ബന്ദിപ്പൂര്‍ വനത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരും, മാൻവേട്ടക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ : ഒരാൾ മരിച്ചു
കര്‍ണാടക : ബന്ദിപ്പൂര്‍ വനത്തില്‍ മാൻവേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും വേട്ടക്കാരും തമ്മിലുള്ള വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. ഭീമനബീടു സ്വദേശി മനുവാണ് മരിച്ചത്. 27 വയസായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.
പത്തംഗസംഘമാണ് വനത്തിലേക്ക് മാൻവേട്ടയ്ക്കായി എത്തിയത്. രാത്രി വനത്തിനുള്ളില്‍ വെടിവയ്പ്പ് നടന്നതായി ഇന്ന് പുലര്‍ച്ചെയാണ് കര്‍ണാടക പൊലീസിന് വിവരം ലഭിച്ചത്. വനത്തിലെ എൻട്രി പോയിന്റിലും, എക്‌സിറ്റ് പോയിന്റിലും പൊലീസെത്തുകയും വനംവകുപ്പുമായി ബന്ധപ്പെടുകയും ചെയ്തതോടെയാണ് വെടിവയ്പ്പുണ്ടായതായി സ്ഥിരീകരണം ലഭിക്കുന്നത്.
മാൻവേട്ടയ്ക്കിറങ്ങിയ പത്തംഗസംഘത്തെ രാത്രി പട്രോളിംഗിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വേട്ടക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും വേട്ടക്കാര്‍ തിരിച്ചും വെടിവയ്ക്കുകയുമായിരുന്നു. ഇതിനിടെയാണ് മനു കൊല്ലപ്പെടുന്നത്. പത്തംഗസംഘത്തിലെ ഒരാളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്. ബാക്കി എട്ടുപേര്‍ കാട്ടിലൂടെ ഓടിരക്ഷപ്പെട്ടു.