‘പിന്നാക്ക വിഭാഗക്കാരനായത് കൊണ്ട് എത്തിക്സ് കമ്മിറ്റി ചെയർമാനെ അപമാനിച്ചു, ഇന്ന് കറുത്ത ദിനം’; മഹുവയ്‌ക്കെതിരെ ബി.ജെ.പി
ന്യൂഡൽഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ, പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുമ്പിൽ ഹാജരായ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കമ്മിറ്റിയെ അപമാനിച്ചെന്ന് ബി.ജെ.പിയുടെ ആരോപണം. ത്തിക്സ് കമ്മിറ്റി ചെയർമാനെ മഹുവ അപമാനിച്ചുവെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബൈ ആരോപിച്ചു. പിന്നാക്ക വിഭാഗക്കാരനായതുകൊണ്ടാണ് സമിതി ചെയർമാനെ അപമാനിച്ചതെന്ന് നിഷികാന്ത് ദുബൈ പറഞ്ഞു. ഇന്ന് പാർലമെൻ്റിൻ്റെ ചരിത്രത്തിലെ കറുത്ത ദിനമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരായ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര നടപടികൾ പൂർത്തിയാകും മുൻപ് ഹിയറിങ്ങ് ബഹിഷ്ക്കരിച്ചിരുന്നു. ഗൂഢലക്ഷ്യത്തോടെയുള്ള ചോദ്യങ്ങളാണ് എത്തിക്സ് കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ആരോപിച്ചാണ് മഹുവ ബഹിഷ്കരണം നടത്തിയത്. വ്യക്തിപരവും മര്യാദയില്ലാത്തതുമായ ചോദ്യങ്ങളാണ് കമ്മിറ്റി ചോദിച്ചത്, എല്ലാത്തരം വൃത്തികെട്ട ചോദ്യങ്ങളും അവർ ചോദിച്ചുവെന്നും മഹുവയ്‌ക്കൊപ്പം ഇറങ്ങിയ എം.പിമാർ പറഞ്ഞു.
ഭരണപക്ഷ എംപി മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിയെന്നും മഹുവ ആരോപിച്ചു. ഒരു വനിത എംപിയോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങളുന്നയിച്ചുവെന്നാരോപിച്ച് മഹുവ, എത്തിക്സ് കമ്മിറ്റിക്കെതിരെ പ്രതിഷേധിച്ചു. കമ്മിറ്റി ചെയർമാൻ പക്ഷപാതിത്വപരമായി പെരുമാറിയെന്നും മഹുവ കുറ്റപ്പെടുത്തി. ചോദ്യം ചെയ്യലിന് പിന്നാലെ പുറത്തിയ മഹുവ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി. ചോദ്യങ്ങൾ ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകാരോട് ‘എന്റെ കണ്ണിൽ നിങ്ങൾ കണ്ണുനീർ കാണുന്നുണ്ടോ’ എന്ന് ചോദിച്ച് മഹുവ പൊട്ടിത്തെറിക്കുകയായിരുന്നു.