ഇന്ത്യയിൽ ഏറ്റവുമധികം വായുമലിനീകരണം ഉള്ള സ്ഥലമാണ് ഡൽഹി. വായുവിന്റെ ഗുണനിലവാരം മോശമായ സാഹചര്യത്തിൽ ഹരിയാനയിൽ നിന്നുള്ള ഡീസൽ ബസുകളുടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ് ഡൽഹി സർക്കാർ. 15 ദിവസത്തേയ്ക്കാണ് നിരോധനം. സിഎൻജി ബസുകളുടെ എണ്ണം വർധിപ്പിക്കാനും ഡീസൽ ബസുകൾ കുറയ്ക്കാനുമുള്ള നടപടികൾ സർക്കാർ നടപ്പാക്കിയതായി ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ബുധനാഴ്ച പറഞ്ഞു.
“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 350-ന് അടുത്ത് തുടരുകയാണ്. ഈ അവസ്ഥ അടുത്ത കുറച്ച് ദിവസത്തേക്ക് നിലനിൽക്കുമെന്ന് കരുതുന്നു. അടുത്ത രണ്ടാഴ്ച ഡൽഹിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്,” ഗോപാൽ റായ് പറഞ്ഞു. ദേശീയ തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം അഞ്ച് ദിവസമായി വളരെ മോശമായി തുടരുകയാണ് രാവിലെ 10 മണിക്ക് 372 എന്ന എയർ ക്വാളിറ്റി ഇൻഡക്‌സാണ് രേഖപ്പെടുത്തിയത്. ഇത് ഈ സീസണിലെ ഏറ്റവും ഉയർന്ന നിലയാണ്. താപനില 16.4 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച (ഒക്ടോബർ 31) 359, തിങ്കളാഴ്ച (ഒക്ടോബർ 30) 347, ഞായറാഴ്ച (ഒക്ടോബർ 29) 325, ശനിയാഴ്ച (ഒക്ടോബർ 28) 304, വെള്ളിയാഴ്ച (ഒക്ടോബർ 27) 261 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക. നെഹ്‌റു നഗറിൽ (402), സോണിയ വിഹാർ (412), രോഹിണി (403), വസീർപൂർ (422), ബവാന (403), മുണ്ട്ക (407), ആനന്ദ് വിഹാർ (422), ന്യൂ മോത്തി ബാഗ് (435) തുടങ്ങിയ പ്രദേശങ്ങൾ രൂക്ഷമായ വായു മലിനീകരണമാണ് നേരിടുന്നത്. ഈ സൂചികയിൽ പൂജ്യത്തിനും 50 നും ഇടയിലുള്ള AQI ആണ് ഏറ്റവും മികച്ചത്. 51 ഉം 100 ഉം ഇടയിലുള്ളത് തൃപ്‌തികരം, 101 ഉം 200 ഉം ഇടയിൽ മിതമായത്, 201 ഉം 300 ഉം ഇടയിൽ മോശമായ അന്തരീക്ഷം, 301 ഉം 400 ഉം ഇടയിലുള്ളത് വളരെ മോശം, 401 ഉം 500 ഉം ഇടയിലുള്ളത് അതിരൂക്ഷമായ വായുമലിനീകരണം എന്നിങ്ങനെയാണ് സൂചിക സൂചിപ്പിക്കുന്നത്.
400-ന് മുകളിൽ എ.ക്യു.ഐ രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് നിർമ്മാണ പ്രവർത്തനങ്ങൾ കർശനമായി നിരോധിക്കുമെന്ന് റായ് പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ വായുമലിനീകരണ നിയന്ത്രണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കീഴിലുള്ള പ്രതിരോധ നടപടികൾ നടപ്പിലാക്കിയിട്ടും മലിനീകരണ തോത് വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, തുടർച്ചയായി അഞ്ച് ദിവസത്തേക്ക് AQI 400-ൽ കൂടുതലുള്ള ഒരു കിലോമീറ്റർ ചുറ്റളവ് സ്ഥലങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രദേശങ്ങളിൽ അന്തരീക്ഷ മലിനീകരണ നിയന്ത്രണ നടപടികൾ കർശനമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ നോഡൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനും വാഹന മലിനീകരണം കുറയ്ക്കുന്നതിനുമായി കുറഞ്ഞത് 1,000 സ്വകാര്യ സിഎൻജി ബസുകളെങ്കിലും കരാറിന് കീഴിൽ കൊണ്ടുവരും. അതേസമയം മലിനീകരണം നിയന്ത്രിക്കാൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.