EBM News Malayalam
Leading Newsportal in Malayalam

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് 5പേര്‍ക്ക് ദാരുണ മരണം



ജലന്ധര്‍: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലാണ് സംഭവം. റഫ്രിജറേറ്ററിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

Read Also: വധഭീഷണി സന്ദേശം, ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ

ഞായറാഴ്ച രാത്രി നഗരത്തിലെ അവതാര്‍ നഗര്‍ ഏരിയയിലാണ് സംഭവം. കുടുംബം 7 മാസം മുമ്പ് ഒരു പുതിയ ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ വാങ്ങിയിരുന്നു. രാത്രി വൈകി കംപ്രസറില്‍ വന്‍ സ്ഫോടനം ഉണ്ടാകുകയും തുടര്‍ന്ന് വീടിന് തീപിടിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് പേരെയും ജലന്ധര്‍ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

യശ്പാല്‍ (70), രുചി (40), മന്‍ഷ (14), ദിയ (12), അക്ഷയ് (10) എന്നിവരാണ് മരിച്ചത്. റഫ്രിജറേറ്ററിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വാതകം വീടിനകത്തും തെരുവിലും വ്യാപിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് തീ നിയന്ത്രണ വിധേയമാക്കിയത്. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിന് സാമ്പിളുകള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് വിദഗ്ധരുടെ സംഘത്തെ വിളിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.