EBM News Malayalam
Leading Newsportal in Malayalam

പാര്‍ലമെന്റ് പ്രത്യേക സമ്മേളനം: പ്രതിപക്ഷ അഭ്യൂഹങ്ങളെല്ലാം തള്ളി അജണ്ട പുറത്തുവിട്ട് കേന്ദ്ര സർക്കാർ


ന്യൂഡൽഹി: പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട പുറത്ത് വിട്ട് കേന്ദ്രം. ലോകസഭയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും, കമ്മീഷണര്‍മാരുടെയും നിയമനവുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കും. സുപ്രിംകോടതി വിധിപ്രകാരം ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സമിതിക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കാനുള്ള അധികാരമുള്ളത്. ഇത് മറികടന്ന് കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള പാനലില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതാണ് ബില്‍.

വര്‍ഷകാലസമ്മേളനത്തില്‍ രാജ്യസഭയില്‍ ഈ ബില്‍ അവതരിപ്പിച്ചിരുന്നു. ബില്ലില്‍ അന്ന് പ്രതിപക്ഷം ശകതമായ പ്രതിഷേധം അറിയിച്ചു. ഈ ബില്ലിനു പുറമേ മറ്റു മൂന്നു ബില്ലുകളും പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. അതേസമയം ഇന്ത്യ സഖ്യം സിഇസി ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്‌സ് അക്കൗണ്ടിലൂടെ പ്രതികരിച്ചു.

സെപ്തംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിലെ പ്രത്യേക സമ്മേളനം നടക്കുന്നത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കേന്ദ്രം പുറത്തുവിട്ട് താത്ക്കാലിക പട്ടികയില്‍ ഇതേക്കുറിച്ച് പരാമര്‍ശമില്ല.

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് സെപ്റ്റംബര്‍ 17 ന് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും ഇ-മെയില്‍ വഴി ക്ഷണിച്ചിട്ടുണ്ടെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ സമ്മേളനം ആരംഭിക്കുമെന്നും അടുത്ത ദിവസം പുതിയ കെട്ടിടത്തിലേക്ക് മാറുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സെപ്തംബര്‍ 19 ന് ഗണേശ ചതുര്‍ഥിയോട് അനുബന്ധിച്ചാകും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.